ജയ്പുർ: രാജസ്ഥാനിൽ ഇടിമിന്നലേറ്റ് 19 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട, ധോൽപുർ, ജയ്പുർ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ജയ്പുരിൽ 12പേരും കോട്ടയിൽ നാല് പേരും ധോൽപുരിൽ മൂന്ന് പേരുമാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് പേർ കുട്ടികളാണ്.
അവധി ആഘോഷിക്കാനായി അമേർ കോട്ട വാച്ച് ടവർ സന്ദർശിക്കാനെത്തിയവരാണ് ജയ്പുരിൽ അപകടത്തിൽപ്പെട്ടത്. ഇവിടെ ഉണ്ടായിരുന്ന ടവറിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും മിന്നലേറ്റത്. ഇടിമിന്നലേറ്റപ്പോൾ ചിലർ പ്രാണരക്ഷാർഥം വാച്ച് ടവറിൽ നിന്ന് താഴേക്ക് ചാടി.
മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നൽ ദുരന്തത്തിൽ പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച കനത്ത മഴയാണ് പെയ്തത്. വടക്കേ ഇന്ത്യയിൽ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments