ലക്നൗ : ലൈംഗിക പീഡന പരാതിയിൽ മുൻ ഷിയാ വഖഫ് ബോർഡ് അദ്ധ്യക്ഷൻ വസീം റിസ്വിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. റിസ്വിയുടെ മുൻ ഡ്രൈവറുടെ ഭാര്യയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് റിസ്വിയ്ക്കെതിരെ ലക്നൗ പോലീസിൽ പരാതി ലഭിച്ചത്.
ലക്നൗ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും മുൻ ഡ്രൈവറുടെ ഭാര്യ പരാതി നൽകിയിരുന്നു. ഇതിൽ നടപടി എടുക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 323, 506, 392 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
നാല് വർഷത്തോളം റിസ്വി പീഡിപ്പിച്ചെന്നാണ് ഡ്രൈവറുടെ ഭാര്യയുടെ പരാതിയിൽ പറയുന്നത്. ഭർത്താവിനെ മറ്റ് ആവശ്യങ്ങൾക്കായി പുറത്തേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു പീഡനം. നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
അതേസമയം വൈരാഗ്യം തീർക്കാനായി ഷിയാ ബോർഡ് അംഗങ്ങളുടെ നിർദ്ദേശ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നതെന്ന് റിസ്വി പ്രതികരിച്ചു. അടുത്തിടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന സൂക്തങ്ങൾ നീക്കി റിസ്വി പുതിയ ഖുറാൻ രചിച്ചിരുന്നു. ഇത് ഷിയാ വിഭാഗത്തിനിടയിൽ വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്.
Comments