അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ അക്വേറിയവും റോബോട്ടിക്‌സ് ഗാലറിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. അഹമ്മദാബാദിലെ അക്വാട്ടിക് ഗാലറിയും റോബോട്ടിക് ഗാലറിയും നേച്ചർ പാർക്കുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. സയൻസ് സിറ്റിയിലാണ് വിനോദസഞ്ചാര മേഖലയിൽ കുതിപ്പേകുന്ന പദ്ധതികൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
15,000 ചതുരശ്ര മീറ്ററിലാണ് അക്വാട്ടിക് ഗാലറി ഒരുക്കിയിരിക്കുന്നത്. വൈവിധ്യങ്ങളായ കടൽജീവികളുടെ അത്ഭുതശേഖരം ഗാലറിയിൽ കാണാം. 28 മീറ്റർ വരുന്ന ടണൽ വോക്ക് വേയാണ് ഗാലറിയുടെ എടുത്തുപറയേണ്ട പ്രത്യേകത. പെൻഗ്വിനുകൾ ഉൾപ്പെടെ 188 കടൽ ജീവികളെ ഇവിടെ കാണാം. 68 ടാങ്കുകളിലാണ് അക്വേറിയം തയ്യാറാക്കിയിരിക്കുന്നത്. ന്യൂസിലാൻഡിലെ മറൈൻ സ്‌കേപ്പ് ഇഒ അക്വേറിയവുമായി സഹകരിച്ചാണ് ഗാലറി ഒരുക്കിയിരിക്കുന്നത്.
റോബോട്ടുകളുടെയും റോബോട്ടിക് ഉപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് റോബോട്ടിക് ഗാലറിയിൽ സജ്ജമാക്കിയിട്ടുളളത്. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെയും സ്‌പെയ്‌സ് റോബോട്ടുകളുടെയും ശേഖരം ഇവിടെ കാണാം. റോബോട്ടിക്‌സ് ശാഖയെക്കുറിച്ച് സന്ദർശകർക്ക് കൂടുതൽ അറിവ് പകരുന്നതും അടുത്ത് മനസിലാക്കാൻ സാധിക്കുന്നതുമായ രീതിയിലാണ് ഇവ അണിനിരത്തിരിയിരിക്കുന്നത്.
ഗാലറിയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നതും റോബോട്ടുകളാണ്. സന്തോഷവും അതിശയവും ആവേശവും ഒക്കെ പ്രകടിപ്പിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളെയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.















