ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. ഇരുവരും കൂടിക്കാഴ്ച നടത്തുന്ന ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേയാണ് കൂടിക്കാഴ്ച. ദേശീയ താത്പര്യമുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി ശരദ് പവാർ പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രം അദ്ദേഹവും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം അടുത്ത വർഷം രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള കൂടിക്കാഴ്ച മറ്റ് രാഷ്ട്രീയ നേതാക്കൾക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനാർത്ഥിയായി ശരദ് പവാറിനെ പ്രതിപക്ഷം നാമനിർദ്ദേശം ചെയ്യുമെന്നാണ് സൂചന.
Comments