ന്യൂഡൽഹി : കേന്ദ്ര മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്ന വ്യാജേന ഉദ്യോഗസ്ഥരെ വിളിച്ച് കബളിപ്പിച്ച സംഭവത്തിൽ രണ്ട് അറസ്റ്റിൽ. കേന്ദ്ര റെയിൽ വേ മന്ത്രി കൂടിയായ അശ്വിനി വൈഷ്ണവിന്റെ പിഎ ആണെന്ന് പറഞ്ഞ് സമർത്ഥ വിശ്വകർമ്മ എന്നയാളാണ് റെയിൽവേ ഉദ്യോഗസ്ഥരെ വിളിച്ചത്. പിതാവിന്റെ ഫോൺ ഉപയോഗിച്ചാണ് ഇയാൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് റെയിൽ വേ ജനറൽ മാനേജറെ വിളിച്ച യുവാവ് ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഒരു സ്വകാര്യ കമ്പനിയിക്ക് സഹായം ചെയ്ത് കൊടുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
സമർത്ഥ വിശ്വകർമ്മയുടെ പിതാവ് അജയ് വിശ്വകർമ്മയുടെ ഫോണിൽ നിന്നാണ് ഇയാൾ ഉദ്യോഗസ്ഥരെ വിളിച്ചത്. സംഭവത്തിൽ പിതാവിനും മകനുമെതിരെ പോലീസ് കേസെടുത്തു. ആൾമാറാട്ടം, റെയിൽവേ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഇതിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
Comments