ചെന്നൈ : ടോക്കിയോ ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ഐ പി എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സ് ഒരു കോടി രൂപ നീരജിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നീരജിന്റെ സുവർണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി നമ്പറും ചെന്നൈ സൂപ്പർ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. 8758 എന്ന നമ്പറിലുള്ള ജഴ്സിയാണ് നീരജിന്റെ പ്രകടനത്തെ ആദരിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ഭാഗമാക്കുക.
നീരജ് ചോപ്രയുടെ സുവർണ നേട്ടത്തിൽ ഇന്ത്യക്കാരെന്ന നിലയിൽ നാമെല്ലാം അഭിമാനിക്കുകയാണ്. രാജ്യത്തെ യുവ തലതലമുറയെ സ്പോർട്സിലേക്ക് ആകർഷിക്കാനും വലിയ വേദികളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ആത്മവിശ്വാസം
നൽകുന്നതുമാണ് ചോപ്രയുടെ നേട്ടം. ടോക്കിയോയിൽ സ്വർണം നേടിയ അദ്ദേഹത്തിന്റെ 87.58 മീറ്റർദൂരം നമ്മുടെ രാജ്യത്തെ ഒന്നാക്കെ ഉണർത്തിയിരിക്കുന്നുവെന്നും ചെന്നൈ സൂപ്പർ കിങ്സ് വക്താവ് പറഞ്ഞു.
ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം എറിഞ്ഞെടുത്തത്. യോഗ്യതാ റൗണ്ടിൽ കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണ് നീരജ് ഫൈനലിലും തുടർന്നത്. യോഗ്യതാ റൗണ്ടിൽ ആദ്യത്തെ ശ്രമത്തിൽ തന്നെ താരം ഫൈനലിൽ പ്രവേശിച്ചിരുന്നു. അതേ ആത്മവിശ്വാസവുമായി ഫൈനലിൽ ഇറങ്ങിയ നീരജ് ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റർ ദൂരം കണ്ടെത്തി. തുടർന്ന് രണ്ടാം ശ്രമത്തിൽ ഈ ദൂരം മെച്ചപ്പെടുത്തി. നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റർ) വെങ്കലവും നേടി.
ഏഴ് മെഡലുകളാണ് ഇന്ത്യ ഇക്കുറി ഒളിമ്പിക്സിൽ നേടിയത്. ബജ്രംഗ് പൂനിയ, പിവി സിന്ധു, ലവ്ലിന ബോർഗോഹൈൻ, പുരുഷ ഹോക്കി ടിം എന്നിവർ വെങ്കലവും മീരാ ഭായിചാനു, രവി കുമാർ ദാഹിയ എന്നിവർ വെള്ളിയുമാണ് നേടിയത്. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഒളിമ്പിക് മെഡൽവേട്ടയാണിത്.
Comments