തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്ന പോലീസിന് മൊഴി നൽകി. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് വേണ്ടിയും വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് സ്വപ്ന പോലീസിനോട് പറഞ്ഞു.
2017 ലായിരുന്നു സംഭവം. അന്ന് മുഖ്യമന്ത്രി നടത്തിയ യുഎഇ യാത്രയോട് അനുബന്ധിച്ചാണ് കറൻസികൾ കടത്തിയത്. യുഎഇയിൽ എത്തിയ ശേഷം അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിണറായി വിജയന് ഒരു പാക്കറ്റ് ഉണ്ടെന്നും, അത് എത്തിക്കേണ്ടതുണ്ടെന്നും അറിയിച്ചു. നിർദ്ദേശ പ്രകാരം മുഖ്യമന്ത്രിയ്ക്കായുള്ള പാക്കറ്റ് കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യുഎഇയിൽ നിന്നും എത്തിക്കുകയായിരുന്നുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയ്ക്കായി വിദേശ കറൻസി കടത്തിയതായി സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തും നേരത്തെ മൊഴി നൽകിയിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. പാക്കറ്റ് എത്തിച്ചു നൽകിയതിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തന്നെന്നും സരിത്ത് വ്യക്തമാക്കിയിരുന്നു.
Comments