കോഴിക്കോട് : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ തെളിവുകൾ ഹാജരാക്കി കെ.ടി ജലീൽ എംഎൽഎ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ടെത്തിയാണ് തെളിവുകൾ ഹാജരാക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെയും ജലീൽ തെളിവുകൾ നൽകി.
ചന്ദ്രിക ദിനപത്രത്തിന്റെ മറവിൽ കുഞ്ഞാലിക്കുട്ടിയും മകനും വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കെ.ടി ജലീലിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനായി വ്യാഴാഴ്ച ഹാജരാകാൻ ജലീലിനോട് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇതിനായി എത്തിയപ്പോഴാണ് തെളിവുകൾ കൈമാറിയത്.
കേസിൽ കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് തെളിവുകൾ കൈമാറിയതിന് ശേഷം കെ.ടി ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയോട് വെള്ളിയാഴ്ചയും, മകനോട് ഈ മാസം ഏഴിനും ഹാജരാകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് തെളിവുകൾ നൽകുക മാത്രമാണ് ചെയ്തത്. മറ്റൊരു ദിവസം മൊഴി നൽകുമെന്നും ജലീൽ അറിയിച്ചു.
Comments