കാൻബറ: പതിനെട്ടു വയസായിട്ടും കല്ല്യാണം കഴിക്കുന്നില്ലേയെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾക്ക് സ്വയം വിവാഹം കഴിച്ച് മറുപടി നൽകി യുവതി. ഓസ്ട്രേലിയൻ യുവതിയായ പട്രീഷ്യ ക്രിസ്റ്റീനയാണ് സ്വയം വിവാഹം കഴിച്ചത്. മുപ്പതു വയസുകഴിഞ്ഞ പട്രീഷ്യ ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്കൂൾ ടീച്ചറാണ്.
വരൻ ഇല്ലെന്നതൊഴിച്ചാൽ പട്രീഷ്യയുടേത് സാധാരണ പോലെ ഒരു വിവാഹം പോലെ തന്നെയായിരുന്നു. ആഴ്ചകളോളമെടുത്താണ് പട്രീഷ്യ വിവാഹ ചടങ്ങുകൾ പ്ലാൻ ചെയ്തത്. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള കല്ല്യാണവസ്ത്രവുമാണ് വാങ്ങിയത്. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെയാണ് പട്രീഷ്യ കല്യാണവേദിയിലെത്തിയത്.
വിവാഹമോതിരം സ്വയം അണിഞ്ഞ് കല്ല്യാണം നടത്തിയ ശേഷം അതിഥികളോട് ഒരു ചെറു പ്രസംഗവും പട്രീഷ്യ നടത്തി. അവനവനോടുള്ള സ്നേഹവും ബന്ധവും തന്നെയാണ് ഏറ്റവും പ്രധാനമായി ജീവിതത്തിൽ വേണ്ടതെന്നും എല്ലാ സ്ത്രീകൾക്കും ഈ സന്ദേശം നൽകാനാണ് താൻ ഈ വിവാഹം നടത്തിയതെന്നും പട്രീഷ്യ പറഞ്ഞു. വിവാഹത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പട്രീഷ്യ പങ്കുവച്ചിരുന്നു. വിവാഹത്തിന് അഭിനന്ദനങ്ങൾക്ക് ഒപ്പം ധാരാളം വിമർശനങ്ങളും ലഭിക്കുന്നുണ്ട്.
Comments