കോഴിക്കോട്: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലെ വിവിധ ഭാഗങ്ങളിൽ പോലീസ് റെയ്ഡ് നടത്തി. തട്ടിപ്പ് നടന്ന ഗോൾഡ് പാലസ് ജ്വല്ലറിയിലും ഡയറക്ടർമാരുടെ വീടുകളിലുമാണ് പരിശോധന നടത്തിയത്.
ജ്വല്ലറിയിലെ ആഭരണങ്ങളും അവയുടെ രേഖകളുമാണ് കുറ്റ്യാടി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. അവിടെ സൂക്ഷിച്ചിരുന്ന മുഴുവൻ സ്വർണത്തിന്റേയും തൂക്കം അളന്നെടുത്ത പോലീസ് രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള വി പി സബീറുമായി ഉടൻ തെളിവെടുപ്പ് നടത്തും.
വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്തംഗം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
ജ്വല്ലറിയിലെ ജീവനക്കാരെയും വിളിച്ചു വരുത്തിയിരുന്നു. ഇവരിൽനിന്നും പരമാവധി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഉടമകളുടെ കുറ്റ്യാടിയിലുള്ള വീടുകളിൽ നടത്തിയ പരിശോധനയിൽ പണമിടപാട് സംബന്ധിച്ച നിരവധി രേഖകൾ കണ്ടെടുത്തു. നിക്ഷേപ തട്ടിപ്പിൽ 250 ലേറെ പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിലവിലുള്ളത്.
Comments