മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ ആദ്യ 11 റൗണ്ടുകൾക്കുള്ള മത്സരങ്ങൾ പ്രഖ്യാപിച്ചു. ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ആദ്യ മത്സരം നവംബർ പത്തൊൻപതിന് അരങ്ങേറും. വൈകിട്ട് ഒൻപത് മുപ്പതിന് ഗോവയിൽ വച്ചാകും മത്സരം. കഴിഞ്ഞ സീസണിലെപ്പോലെതന്നെ ഇത്തവണയും എടികെ മോഹൻ ബഗാൻ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി ഏറ്റുമുട്ടും.
ശനിയാഴ്ച രണ്ടു മത്സരങ്ങൾ വീതം ഏഴരക്കും ഒൻപതരയ്‌ക്കും അരങ്ങേറും. ഇതാദ്യമായാണ് ഒൻപത് മുപ്പതിന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ആഴ്ചയിലെ മറ്റുള്ള ദിവസങ്ങളിൽ ഓരോ മത്സരം വീതം ഏഴരയ്‌ക്ക് നടക്കും. മൂന്ന് സ്റ്റേഡിയങ്ങളിലായി ആകെ 115 മത്സരങ്ങള്‍ അരങ്ങേറും. ജനുവരി 9 വരെയുള്ള 55 മത്സരങ്ങളുടെ ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഷെഡ്യൂള്‍ ഡിസംബറില്‍ അവതരിപ്പിക്കും.















