ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിനായി ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ അംഗീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വരും ദിവസങ്ങളിൽ അംഗീകാരം നൽകിയേക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
കൊവാക്സിൻ ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഭാരത് ബയോടെക്കിനെ കൂടുതൽ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യാൻ അനുവദിക്കും. കൊവാക്സിൻ സ്വീകരിച്ച ആളുകളുടെ അന്താരാഷ്ട്ര യാത്ര സുഗമമാക്കാൻ അംഗീകാരം സഹായിക്കും.
രാജ്യത്ത് നൽകുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ. വാക്സിൻ 78 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
കൊറോണ വാക്സിനുകളുടെ ഗുണനിലവാരം, സുരക്ഷ, കാര്യക്ഷമത എന്നിവയും, റിസ്ക് മാനേജ്മെന്റ് പ്ലാനുകളും വിലയിരുത്തിയാണ് അംഗീകാരം നൽകുന്നത്.
Comments