പത്തനംതിട്ട : 15 മിനിറ്റാണ് അദ്ദേഹം എനിക്ക് തന്നത്…..കയ്യിൽ കിട്ടിയ ഡ്രസ് എടുത്തിട്ട് ഓടി…..പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേര തൈ കൈമാറിയ വിശേഷം ജയലക്ഷ്മിയോട് പങ്കുവെച്ച് ബിജെപി എംപി സുരേഷ് ഗോപി. പന്തളം കുളനടയിലെ ജയലക്ഷ്മിയുടെ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം അനുഭവങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രിയ്ക്ക് തൈ നൽകുന്നതിന്റെ ചിത്രവും അദ്ദേഹം ജയലക്ഷ്മിയ്ക്ക് സമ്മാനിച്ചു.
ഇന്നലെയാണ് സുരേഷ് ഗോപി ജയലക്ഷ്മിയെ കാണാൻ വീട്ടിൽ എത്തിയത്. പ്രധാനമന്ത്രി എന്താണ് പറഞ്ഞതെന്നായിരുന്നു ജയലക്ഷ്മിയ്ക്ക് അറിയേണ്ടിയിരുന്നത്. ഇക്കാര്യം ആരാഞ്ഞപ്പോഴാണ് സുരേഷ് ഗോപി സംഭവ ബഹുലമായ അനുഭവം പങ്കുവെച്ചത്.
പ്രധാനമന്ത്രിയ്ക്ക് പേര തൈ വാങ്ങുന്നതിന്റെ വീഡിയോ മെയിലിൽ അയച്ചിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. ഇത് കണ്ട പ്രധാനമന്ത്രി ഉടൻ തന്നെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അന്നേ ദിവസം ഐടി സ്റ്റാന്റിംഗ് കമ്മിറ്റിയുണ്ടെന്നും, പങ്കെടുക്കാനായി ശ്രീനഗറിലേക്ക് പോകണമെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ ഉടനെ നേരിൽ കാണാൻ ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റ് സമയമാണ് അദ്ദേഹം തന്നത്. ഉടനെ കിട്ടിയ ഡ്രസുമിട്ട് ഓടി……..
മൂന്ന് ദിവസം പേര തൈ പരിപാലിച്ചതെങ്ങിനെയെന്നും സുരേഷ് ഗോപി ജയലക്ഷ്മിയോട് പറഞ്ഞു. മൂന്ന് ദിവസം ചെടി വെള്ളമൊഴിച്ച് പരിപാലിച്ചു. പിന്നീട് വെയിലത്തുവെച്ചു. ഇതിന് ശേഷമാണ് കൊണ്ടുപോയത്. വിമാനത്താവളത്തിലുള്ള എല്ലാവരും ഇത് കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ അമ്മയ്ക്കായി ഒരു പേര തൈ വേണമെന്ന് ജയലക്ഷ്മി യോട് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പേര തെെ അടുത്ത തവണ വരുമ്പോൾ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ജയലക്ഷ്മി സമ്മാനിച്ച നാടൻ മാവിൻ തൈയും വാങ്ങിയാണ് സുരേഷ് ഗോപി മടങ്ങിയത്.
Comments