കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തിൽ നിന്ന് രണ്ട് ദിവസത്തിനുളളിൽ അയച്ചത് ഒരു ലക്ഷത്തിലധികം ആശംസാകാർഡുകൾ. ജൻമദിനാഘോഷത്തോട് അനുബന്ധിച്ച് ബിജെപി നടത്തുന്ന സേവാ സമർപ്പൺ അഭിയാന്റെ ഭാഗമായിട്ടാണ് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ബൂത്ത് തലങ്ങളിൽ നിന്നുൾപ്പെടെ കാർഡുകൾ അയയ്ക്കുന്നത്.
തിങ്കളാഴ്ചയാണ് പരിപാടി തുടങ്ങിയത്. ഇതിനോടകം ഒരു ലക്ഷത്തിലധികം കാർഡുകൾ മോദിക്ക് കേരളത്തിൽ നിന്നും അയച്ചുകഴിഞ്ഞു. വരും ദിവസങ്ങളിലും പരിപാടി തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. മോദിയുടെ ജൻമദിനമായ സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയാണ് സേവാ സമർപ്പൺ അഭിയാൻ നടത്തുന്നത്. പാർട്ടിയുടെ ബൂത്ത് തലങ്ങളിൽ നിന്നാണ് കാർഡുകൾ അയയ്ക്കാനുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സൗജന്യവാക്സിനും കിസാൻ സമ്മാൻ നിധിക്കും സൗജന്യറേഷനും ഉൾപ്പെടെയുളള ജനക്ഷേമ പദ്ധതികൾക്ക് നന്ദി പറഞ്ഞും ജന്മദിന ആശംസകൾ നേർന്നുമാണ് ജനങ്ങൾ പ്രധാനമന്ത്രിക്ക് ആശംസകളയയ്ക്കുന്നത്. തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിച്ചതിന് നന്ദി പറഞ്ഞും കാർഡുകൾ അയയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തിരൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആണ് ആശംസാകാർഡുകൾ അയക്കുന്നതിന്റ സംസ്ഥാനതല ഉത്ഘാടനം നിർവ്വഹിച്ചത്. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും വരും ദിവസങ്ങളിലും പ്രചരണത്തിൽ പങ്കാളികളാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. യുവമോർച്ച ഉൾപ്പെടെയുളള സംഘടനകളും ഈ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമാണ്.
Comments