അബുദാബി: ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ പ്രകടനം സോഷ്യൽ മീഡിയകളിൽ വെറലായിരിക്കുകയാണ്. ഷാർദ്ദുൾ താക്കൂറിന്റെ പന്തിന് നോ-ലുക്ക് സിക്‌സർ പറത്തി മറുപടി നൽകിയിരിക്കുകയാണ് കോഹ്ലി.
ഐപിഎൽ മത്സരത്തിന്റെ അഞ്ചാം ഓവറിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഓൾറൗണ്ടർ ഷാർദ്ദുൾ താക്കൂറിന്റെ പന്തിന് നോ-ലുക്ക് സിക്‌സറാണ് കോഹ്ലി ആരാധകർക്ക് സമ്മാനിച്ചത്. 82 മീറ്റർ സിക്‌സറാണ് കോഹ്ലി അടിച്ചത്. മത്സരത്തിൽ 41 പന്തിൽ 53 റൺസാണ് കോഹ്ലി നേടിയത്.
‘എനിക്ക് നോക്കേണ്ട ആവശ്യമില്ല. ഞാൻ ആ ശബ്ദം കേട്ടു’ കോഹ്ലിയുടെ മിന്നും പ്രകടനത്തെ കുറിച്ച് സംസാരിക്കവെ കമന്റേറ്റർ സൈമൺ ഡൗൾ പറഞ്ഞു. ‘ബൗളർമാരുടെ പേടി സ്വപ്‌നമാണ് ഈ ശബ്ദം. ആഹാ! എന്തൊരു ഷോട്ട്. ബാറ്റിൽ നിന്നും എത്ര മധുരമായാണ് ആ ശബ്ദം പുറപ്പെട്ടത്! എന്ന് സുനിൽ ഗവാസ്‌കറും കൂട്ടിച്ചേർത്തു.
ആറ് ഫോറുകളും ഒരു നോ-ലുക്ക് സിക്‌സറിന്റെയും സഹായത്തോടെ കോഹ്ലി അർധ സെഞ്ച്വറി നേടി. എന്നാൽ ബ്രാവോയുടെ പന്തിൽ കോഹ്ലി പുറത്തായി.
മത്സരത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 156 റൺസ് നേടി. അതേ സമയം 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎലിൽ തുടർച്ചയായ രണ്ടാം ജയം കരസ്ഥമാക്കി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു.
https://twitter.com/rishobpuant/status/1441412285306523651?s=20















