ന്യൂഡൽഹി : കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പ്രതിഷേധിക്കാൻ അമേരിക്കയിലെ പ്രവാസികളോട് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. ബികെയുവിന്റെയും സംയുക്ത കിസാൻ മോർച്ചയുടെയും പതാകകളേന്തി പ്രതിഷേധിക്കാനാണ് നിർദ്ദേശം. ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ടികായത്തിന്റെ ആഹ്വാനം.
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മോദിയ്ക്കെതിരെ അമേരിക്കയിലെ പ്രവാസി സമൂഹം പ്രതിഷേധിക്കണമെന്ന് രാകേഷ് ടികായത് പറഞ്ഞു. അമേരിക്കയിലെ പ്രവാസികളും തങ്ങളുടെ കുടുംബാംഗങ്ങളാണ്. അതുകൊണ്ടുതന്നെ അവർക്കും ആശങ്കയറിയിക്കാം. തങ്ങളുടെ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി ചെവിക്കൊള്ളുന്നില്ലെന്നും രാകേഷ് ടികായത് ആരോപിച്ചു.
കഴിഞ്ഞ പത്ത് മാസക്കാലമായി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധക്കാർ അതിർത്തിയിൽ സമരം ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ തങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തണം. അതിർത്തിയിലെ സമരം വെറും വിഡ്ഢിത്തമല്ലെന്ന് ബോധിപ്പിക്കണമെന്നും രാകേഷ് ടികായത് കൂട്ടിച്ചേർത്തു.
Comments