കൊൽക്കത്ത: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭബാനിപൂരിലും ബിജെപി നേതാക്കളെ കായികമായി നേരിട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുണ്ടകൾ. മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്റും മെദിനിപൂർ എംപിയുമായ ദിലീപ് ഘോഷിന് നേരെയാണ് അക്രമം നടന്നത്.
ഭബാനിപൂരിലെ ജാഗുബാബൂർ ബസാറിലായിരുന്നു സംഭവം. ഒരു സംഘം യുവാക്കൾ ആക്രോശിച്ചുകൊണ്ട് ദിലീപ് ഘോഷിനെ ആക്രമിക്കാൻ വരികയായിരുന്നു. തൃണമൂൽ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ഇവർ പാഞ്ഞടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥർ പൊടുന്നനെ വലയം തീർത്തതിനാൽ അദ്ദേഹം രക്ഷപെടുകയായിരുന്നു. ചുറ്റും നിന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പിടിച്ചുതളളുകയും മർദ്ദിക്കുകയും ചെയ്തതോടെ സ്വയരക്ഷയ്ക്കായി തോക്കെടുത്താണ് ഇവർ അക്രമികളെ അകറ്റി നിർത്തിയത്.
ഒരു പ്രകോപനവും കൂടാതെയായിരുന്നു ദിലീപ് ഘോഷിന് നേരെയുളള അക്രമം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്ത് കുത്തിവെച്ചിരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ കൊടി ഉൾപ്പെടെ ദൃശ്യങ്ങളിൽ കാണാം.
തന്നെ കൊലപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് നടന്നതെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. ഭരണകക്ഷിയുടെ ക്രൂരവും ഭയാനകവുമായ സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി പോലും അക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരന്റെ ജീവൻ ഭബാനിപൂരിൽ എത്രമാത്രം സുരക്ഷിതമാകുമെന്നും അദ്ദേഹം ചോദിച്ചു. മുൻ എംഎൽഎ കൂടിയാണ് ദിലീപ് ഘോഷ്.
ഇത്തരം സംഭവങ്ങളാണെങ്കിൽ ഭബാനിപൂരിൽ ആരോഗ്യകരമായ തെരഞ്ഞെടുപ്പ് എങ്ങനെ നടക്കുമെന്നും ദിലീപ് ഘോഷ് ചോദിച്ചു. പ്രിയങ്ക ടിബ്രെവാൾ ആണ് ബിജെപിക്ക് വേണ്ടി ഭബാനിപൂരിൽ മത്സരിക്കുന്നത്. ഇവരുടെ പ്രചാരണത്തിനായിട്ടാണ് ദിലീപ് ഘോഷ് സംസ്ഥാനത്ത് എത്തിയതും.
https://twitter.com/DilipGhoshBJP/status/1442409614511730692?s=20















