തായ്പേയ്: തായ് വാനെ വീണ്ടും പ്രകോപിപ്പിച്ച് ചൈന. ആവർത്തിച്ചുളള മുന്നറിയിപ്പുകൾ അവഗണിച്ച് തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയിലൂടെ ചൈന 38 പോർ വിമാനങ്ങൾ പറത്തിയതായി തായ് വാൻ ആരോപിച്ചു. ആണവശേഷിയുളള ആയുധങ്ങൾ വഹിക്കുന്ന വിമാനങ്ങൾ ഉൾപ്പെടെയാണ് പറത്തിയതെന്ന് തായ് വാൻ ആരോപിച്ചു.
മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചും ജെറ്റ് വിമാനങ്ങൾ രംഗത്തിറക്കിയും ചൈനീസ് വിമാനങ്ങളുടെ അധിനിവേശ നീക്കത്തോട് പ്രതികരിച്ചതായി തായ് വാൻ വ്യക്തമാക്കി. സമാനമായ പ്രകോപനം മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം സൈനിക വിമാനങ്ങൾ തായ് വാന്റെ മേഖലയിലേക്ക് ചൈന കടത്തിവിടുന്നത് ആദ്യമായിട്ടാണ്.
ആണവ ആയുധങ്ങൾ വഹിക്കാൻ ശേഷിയുളള എച്ച് 6 ബോംബർ വിമാനങ്ങളാണ് തായ് വാൻ മേഖലയിലൂടെ പറന്നത്. അന്തർവാഹിനികളെ വരെ തകർക്കാൻ ശേഷിയുളള വിമാനങ്ങളും ഇതിൽ ഉൾപ്പെടും.
സൈനിക അധിനിവേശത്തിന് മാത്രമാണ് ചൈന ശ്രമിക്കുന്നതെന്നും മേഖലയിലെ സമാധാനം തകർക്കുന്ന നീക്കമാണിതെന്നും തായ് വാൻ പ്രധാനമന്ത്രി സൂ സെങ് ചാങ് പറഞ്ഞു. 25 വിമാനങ്ങൾ തായ് വാന്റെ തെക്ക് പടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലാണ് പ്രവേശിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പകലായിരുന്നു ഈ അധിനിവേശം. വെളളിയാഴ്ച വൈകിട്ട് 13 വിമാനങ്ങളും ഇതേ മേഖലയിൽ പറന്നു.
വ്യോമ പ്രതിരോധ മേഖലയെന്നാൽ ഒരു രാജ്യത്തിന്റെ പരിധിക്ക് അപ്പുറത്താണ്. എന്നാൽ വിദേശ രാജ്യങ്ങളിലെ വിമാനങ്ങൾ അനധികൃതമായി കടന്നുകയറിയാൽ ദേശസുരക്ഷയും താൽപര്യവും മാനിച്ച് അതിൽ ഇടപെടാനും നിയന്ത്രിക്കാനുമുളള അധികാരം ആ രാജ്യത്തിനുണ്ട്.
Comments