ലണ്ടൻ: അസഹനീയമായ വയറുവേദന തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി.യുവാവിന്റെ വയറിൽ നിന്നും ഒരു കിലോ ആണിയും സ്ക്രൂവുമാണ് ഡോക്ടർമാർ കണ്ടെടുത്തത് . യൂറോപ്യൻ രാജ്യമായ ലിത്വാനിയയിലാണ് സംഭവം. മദ്യം ഉപേക്ഷിച്ചതിന് ശേഷമാണ് ഇയാൾക്ക് ഈ ദുശ്ശീലം ഉണ്ടായതെന്നാണ് ഡോക്ടർമാർ പറയുന്നത്.
ബാൾട്ടിക് തുറമുഖ നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.രോഗിയുടെ പേരോ വിവരമോ വെളിപ്പെടുത്തിയിട്ടില്ല.എക്സ്റേയിൽ യുവാവിന്റെ വയറിൽ നിരവധി ലോഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്റെ നീളം പത്തുസെൻറീമീറ്ററോളം വരുമെനാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.
മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ആണിയും സ്ക്രൂവും പുറത്തെടുത്തതെന്ന് സർജൻ സരുണാസ് ഡെയ്ലിഡെനാസ് പറഞ്ഞു. എന്നാൽ ഇതുപ്പോലൊരു സംഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും ആശുപത്രിയിലെ ഹെഡ് സർജനായ അൽഗിർദാസ് സ്ലെപാവിഷ്യസ് പറയുന്നു. മദ്യപാനം നിർത്തിയിട്ട് ഒരുമാസമെ ആയിട്ടുള്ളു. ഈ കാലയളവിലാണ് ഇയാൾ ലോഹങ്ങൾ വിഴുങ്ങാൻ തുടങ്ങിയത്. ശസ്ത്രക്രിയ്ക്ക് ശേഷം ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Comments