മലപ്പുറം : തവനൂർ എംഎൽഎ കെടി ജലീലിന് ഭീഷണി. വാട്സ് ആപ്പിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് കെടി ജലീൽ പറഞ്ഞു.
രാവിലെയാണ് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. ജലീലേ ഒരു കാര്യം ഓർത്തോ. ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയർകെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും. (തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക. ) എന്നാണ് സന്ദേശം. ഫേസ്ബുക്കിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ച വിവരം ജലീൽ അറിയിച്ചത്. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ ജലീൽ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ ലഭിച്ച സന്ദേശത്തിന് പിന്നിൽ ലീഗ് പ്രവർത്തകരാണെന്നാണ് സംശയം.
Comments