18 രാജ്യങ്ങൾ കണ്ട് ഇരുപതിനായിരം കിലോമീറ്ററുകൾ സഞ്ചരിച്ച് 70 ദിവസം കൊണ്ടൊരു ഒരു ബസ് യാത്ര. എങ്ങനെയുണ്ടാകും ? ആഗ്രഹമുണ്ടോ അങ്ങനെയൊരു ബസ് യാത്രയ്ക്ക് . ഉണ്ടെങ്കിൽ ആ ആഗ്രഹം അടുത്ത വർഷം സാദ്ധ്യമാകും. 2022 ഏപ്രിലിൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ബസ് യാത്ര നടത്താം. ഓഗസ്റ്റിൽ ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചുള്ള യാത്ര ആരംഭിക്കും.
വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുമല്ലേ. സംഗതി സത്യമാണ്. അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന കമ്പനിയാണ് യാത്ര ഒരുക്കുന്നത്. 1960 കളിൽ കൊൽക്കത്തയിൽ നിന്ന് ലണ്ടനിലേക്ക് നടത്തിയിരുന്ന ബസ് സർവീസിന്റെ ചുവടുപിടിച്ചാണ് കമ്പനി അതിശയിപ്പിക്കുന്ന ടൂർ പ്രോഗ്രാം പ്രഖ്യാപിച്ചത്. 2022 ഏപ്രിൽ 3 നാണ് ഡൽഹി- ലണ്ടൻ ബസ് യാത്ര ആരംഭിക്കുന്നത്. 2022 ജൂൺ 11 ന് ബസ് ലണ്ടനിൽ എത്തിച്ചേരും. മ്യാൻമർ , തായ്ലൻഡ് , ലാവോസ്, ചൈന, കിർഗിസ്താൻ, ഉസ്ബക്കിസ്ഥാൻ, ഖസാക്കിസ്ഥാൻ, റഷ്യ , ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഹോളണ്ട്, ബെൽജിയം, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ബസ് ലണ്ടനിൽ എത്തുക.
നാല് ഭാഗങ്ങളായാണ് ഡൽഹി – ലണ്ടൻ ടൂർ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ ഡൽഹി- ഇംഫാൽ -ബാങ്കോക്ക്, തായ്ലൻഡ് വരെ 11 രാത്രിയും പന്ത്രണ്ട് പകലും നീളുന്ന യാത്ര. ഒരാൾക്ക് 3,85000 രൂപയാണ് ഇതിന് ചെലവ് വരുന്നത്. രണ്ടാം ഭാഗത്തിൽ പൂർണമായും ചൈനയിലൂടെയായിരിക്കും ബസ് സഞ്ചരിക്കുക. പതിനഞ്ച് രാത്രിയും പതിനാറു പകലും നീളുന്ന യാത്രയ്ക്ക് ഒരാൾ 4,70,000 രൂപ നൽകേണ്ടി വരും. മൂന്നാം പാദത്തിലെ യാത്ര പ്രധാനമായും കിർഗിസ്താൻ , റഷ്യ എന്നീ രാജ്യങ്ങളിലാണ്. 21 രാത്രിയും 22 പകലും നീളുന്ന യാത്രയ്ക്ക് ഒരാൾ 5,45,000 രൂപ ചെലവാക്കണം. അവസാന പാദത്തിൽ റഷ്യയിൽ നിന്ന് ലണ്ടൻ വരെ നീളുന്ന പതിനഞ്ച് രാത്രികളും പതിനാറു പകലുകളുമുള്ള യാത്രയാണ്. 4,70,000 ആണ് ഇതിന്റെ ചെലവ്.
താത്പര്യമുള്ളവർക്ക് ഇതിന്റെ ഏതെങ്കിലും ഒരു ഭാഗമായോ ഒരുമിച്ചോ യാത്ര ചെയ്യാവുന്നതാണ്. ഡൽഹി മുതൽ ലണ്ടൻ വരെ പൂർണമായും യാത്ര ചെയ്യാൻ താത്പര്യമുള്ളവർ 18,7000 രൂപ ചെലവാക്കേണ്ടി വരും. ലണ്ടനിൽ നിന്ന് തിരിച്ചുള്ള യാത്രയും നാല് ഭാഗങ്ങളായാണ് തയാറാക്കിയിരിക്കുന്നത്. 2022 ഓഗസ്റ്റ് 14 ന് ആരംഭിക്കുന്ന യാത്ര 2022 ഒക്ടോബർ 22 ന് ഡൽഹിയിൽ അവസാനിക്കും. അങ്ങോട്ട് പോയതുപോലെ തന്നെയാണ് ചെലവും. ഇവിടെയും ഒരു ഭാഗമായോ പൂർണമായോ യാത്രയിൽ പങ്കെടുക്കാം.
ആകെ ചെലവ് ഈ യാത്രയിലും 18,70,000 രൂപയാണ്. ഭക്ഷണവും വിസ ചെലവുകളും മറ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ സർക്കാർ ഏജൻസികളിൽ നിന്ന് ലഭിക്കേണ്ട അനുമതികൾക്കുള്ള തുകയും ഇതിലുണ്ടാകും. എന്നാൽ പ്രധാന സ്ഥലങ്ങൾ കാണുന്നതിനുള്ള പ്രവേശന ഫീസ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മദ്യപിക്കാനുള്ള ചെലവും ഇതിൽ കൂട്ടില്ല. ആശുപത്രി ചെലവുകളും യാത്രക്കാരൻ കയ്യിൽ നിന്നെടുക്കേണ്ടി വരും,
ജീവിതത്തിലെ എക്കാലത്തെയും മനോഹരമായ യാത്രാ അനുഭവങ്ങളായിരിക്കും ഈ ബസ് യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത്. മ്യാന്മറിലെ പഗോഡകൾ, ചൈനയിലെ പാണ്ടകളും വന്മതിലും , ചരിത്രമുറങ്ങുന്ന താഷ്കന്റും സമർഖണ്ഡും , സുന്ദര നഗരങ്ങളായ മോസ്കോ, പ്രേഗ്, ബ്രസൽസ് തുടങ്ങി അങ്ങനെ ലോകത്തെ സുന്ദര ദൃശ്യങ്ങളിൽ നല്ലൊരു പങ്കും നിങ്ങൾക്ക് അനുഭവവേദ്യമാകും. ആയുസ്സിൽ ഒരുപാടു യാത്രകളൊന്നും വേണ്ട, ഈ ഒറ്റ യാത്ര മാത്രം മതി.
Comments