മുംബൈ: ഇന്ത്യൻ വിപണിയിൽ തരംഗമാവാൻ ഒരുങ്ങുകയാണ് ഫോഴ്‌സിന്റെ പുതുതലമുറ ഗുർഖ. കഴിഞ്ഞ മാസം പുറത്തിറക്കിയ ഗുർഖയുടെ വിതരണം ഇന്ത്യയിൽ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ദസറയോടനുബന്ധിച്ച് വിപണിയാരംഭിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ചില പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് തീയതി നീട്ടിവെയ്‌ക്കുകയായിരുന്നു. 13.59 ലക്ഷം രൂപയാണ് ഗുർഖയുടെ എക്‌സ് ഷോറൂം വില.
മെഴ്‌സിഡസിൽ നിന്ന് കടമെടുത്ത 2.6 ലിറ്റർ ഡീസൽ എൻജിനാണ് ഗുർഖയ്‌ക്ക് കരുത്തേകുന്നത്. 90 ബി.എച്ച്.പി. പവറും 260 എൻ.എം. ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ. ടൂ വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സംവിധാനങ്ങളുമായാണ് ഗുർഖ എത്തിയിരിക്കുന്നത്.
2020ലെ ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഗുർഖയുടെ മുഖം മിനുക്കിയ പതിപ്പ് പ്രദർശനത്തിനെത്തിയത്. എന്നാൽ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അവതരണം നീളുകയായിരുന്നു.റൗണ്ട് എൽഇഡി ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആർ.എൽ, മെഴ്സിഡസ് ജി-വാഗണിന് സമാനമായ ഇന്റിക്കേറ്റർ, പുതിയ ഗ്രില്ല്, ഓഫ് റോഡുകൾക്ക് ഇണങ്ങുന്ന ബമ്പർ എന്നിവയാണ് ഗുർഖയുടെ ചില സവിശേഷതകൾ.















