ലക്നൗ : ഗുണ്ടകളെയും കൊടും കുറ്റവാളികളെയും ഒന്നൊന്നായി തീർത്ത് ഉത്തർപ്രദേശ് പോലീസ്. ഏറ്റുമുട്ടലിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കുറ്റവാളിയെ യുപി പോലീസിന്റെ പ്രത്യേക സംഘം വധിച്ചു. കൊടും കുറ്റവാളി ഗൗരി യാദവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് 5.5 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
മദ്ധ്യപ്രദേശിലെ ചിത്രകൂട്ടിലിലുണ്ടായ ഏറ്റുമുട്ടലിലാണ് യാദവിനെ വധിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. ബഹിൽപുവാര പോലീസ് സ്റ്റേഷന് സമീപമുള്ള കാട്ടിൽ ഏതാനും ദിവസങ്ങളായി ഇയാൾ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുപി പോലീസ് പ്രദേശത്ത് എത്തിയത്. മേഖലയിൽ പരിശോധന നടത്തുന്നതിനിടെ ഗൗരി യാദവും സംഘവും പോലീസുകാരെ ആക്രമിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഏറ്റുമുട്ടലിനൊടുവിൽ ഗൗരി യാദവിന്റെ കൂട്ടാളികളിൽ ചിലർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. രക്ഷപ്പെട്ടവർക്കായി പോലീസിന്റെ തെരച്ചിൽ പുരോഗമിക്കുകയാണ്. ഏറ്റുമുട്ടൽ മേഖലയിൽ നിന്നും എ.കെ 47 തോക്കുകൾ ഉൾപ്പെടെ വൻ ആയുധ ശേഖരവും പിടികൂടിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ നിരവധി കേസുകളിൽ പ്രതിയായ ഗൗരി യാദവ് മദ്ധ്യപ്രദേശ് പോലീസിനും വലിയ തലവേദനയായിരുന്നു. മദ്ധ്യപ്രദേശിൽ ഇയാൾക്കെതിരെ 20 ലധികം ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരവധി കൊലപാതക കേസുകളിൽ പ്രതിയാണ് ഗൗരി യാദവ്.
Comments