സ്മാർട്ട് ഫോണുകൾ കൈവശമില്ലാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. സാങ്കേതിക വിദ്യയുടെവളർച്ച നമുക്ക് നൽകിയ ഏറ്റവും വലിയ ഒരു സമ്മാനമായി സ്മാർട്ട് ഫോണുകളെ കണക്കാക്കാം. ഇത്തരം ഫോണുകളുടെയും,സ്മാർട്ട് കമ്പ്യൂട്ടറുകളുടെയുമെല്ലാം കണ്ടുപിടിത്തത്തിന് കാരണമായത് ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യയുടെ ആവിർഭാവമാണ്. ടച്ച് സ്ക്രീനുകളുടെ കണ്ടുപിടിത്തം എങ്ങിനെയെന്നാണ് ഈ ആഴ്ചത്തെ വേൾഡ് ഓഫ് ഇൻവെൻഷൻസിൽ നാം പരിശോധിക്കുന്നത്.
കീബോർഡിന്റെയോ മൗസിന്റെയോ സഹായമില്ലാതെ കൈ കൊണ്ട് തൊട്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സ്ക്രീനുകളാണ് ടച്ച് സ്ക്രീനുകൾ. കമ്പ്യൂട്ടർ രംഗത്തെ നൂനത വികാസമെന്നാണ് ഇത്തരം സ്ക്രീനുകളെ വിശേഷിപ്പിക്കാറ്. ടച്ച് സ്ക്രീനുകളുടെ ആവിർഭാവം കമ്പ്യൂട്ടറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആളുകളെ പ്രാപ്തരാക്കി.
സാങ്കേതി രംഗത്ത് ബഹുദൂരം മുന്നേറിയ അമേരിക്കയാണ് ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യയുടെ ഉത്ഭവ കേന്ദ്രം. 1971 ലായിരുന്നു ഇത്. ഡോ. സാംഹേഴ്സ്റ്റ് ആയിരുന്നു ഈ അത്ഭുതകരമായ കണ്ടുപിടിത്തത്തിന് പിന്നിൽ. പ്രശസ്ത കമ്പനിയായ എലോ ഗ്രാഫിക്സിന്റെ പത്ത് സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. നിരവധി കണ്ടുപിടിത്തങ്ങൾക്ക് വേദിയായ അമേരിക്കയിൽ ടച്ച് സ്ക്രീനിന്റെ വരവ് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്.
1971ൽ കെന്റുക്കി സർവ്വകലാശാലയിൽ അദ്ധ്യാപകനായിരിക്കെയാണ് ഹേഴ്സ്റ്റ് ടച്ച് സ്ക്രീനുകൾ നിർമ്മിച്ചത്. ആദ്യമായി അദ്ദേഹം നിർമ്മിച്ച സ്ക്രീനിന് എലോഗ്രാഫ് എന്നാണ് പേര് നൽകിയിരുന്നത്. സുതാര്യമായ ആധുനിക ടച്ച് സ്ക്രീനിന്റെ നിർമ്മാതാവും അദ്ദേഹമാണ്. 1974 ലായിരുന്നു അദ്ദേഹം സുതാര്യമായ ടച്ച് സ്ക്രീനുകൾ കണ്ടുപിടിച്ചത്.
അന്ന് വരെ അമേരിക്കയിൽ മാത്രം ഒതുങ്ങിയിരുന്ന ടച്ച്സ്ക്രീൻ സാങ്കേതിക വിദ്യയെക്കുറിച്ച് ലോകം അറിഞ്ഞത് 1977 ലായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യയായ ഫൈവ് വയർ റെസിസ്റ്റിംഗ് ടെക്നോളജിയുടെ പേറ്റന്റ് എലോഗ്രാഫിക്സ് നേടിയത് ഇതേ വർഷമായിരുന്നു. ഇതോടെ ഈ സാങ്കേതിക വിദ്യ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തി. കമ്പനിയുടെ പ്രചാരം വർദ്ധിച്ചതോടെ എലോഗ്രാഫിക്സ് എന്ന പേര് മാറ്റി എലോ ടച്ച് സിസ്റ്റംസ് എന്നാക്കി.
ലോകമെമ്പാടും ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യ വ്യാപിച്ചതോടെ ഇത്തരം സ്ക്രീനുകൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടറുകൾ ധാരളമായി പുറത്തിറക്കാൻ ആരംഭിച്ചു. ഇതോടെ കമ്പ്യൂട്ടറുകൾ കൂടുതൽ ഉപഭോക്തൃസൗഹൃം ആകുകയും ഇത് വഴി കൂടുതൽ പ്രചാരം ലഭിക്കുകയും ചെയ്തു.ക്രമേണ ഇത് ടാബുകളുടെയും ടച്ച് സ്ക്രീൻ മൊബൈലുകളുടെയും ആവിർഭാവത്തിന് വഴിവെച്ചു. ടച്ച് സ്ക്രീനുകൾ ഉപയോഗിക്കാൻ ആരംഭിച്ചതോടെ മൊബൈൽ ഫോണുകളുടെ പ്രചാരം വർദ്ധിക്കാനും ആരംഭിച്ചു. ഇന്ന് കമ്പ്യൂട്ടറുകളെക്കാൾ കൂടുതൽ ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് മൊബൈൽ ഫോണുകളിലാണ്.
Comments