ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന് അംഗീകാരം നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇന്ന് തീരുമാനം എടുത്തേക്കും. വിഷയം ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. വിഷയത്തിൽ കൂടുതൽ അവലോകനം നടത്തുന്നതിനായി കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിൽ നിന്നും ഒക്ടോബർ 18ന് സമിതി കൂടുതൽ വിശദീകരണം തേടിയിരുന്നു. ലോകാരോഗ്യ സംഘടനയിലെ ടെക്നിക്കൽ അഡ്വെെസറി
ഗ്രൂപ്പാണ് ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.
വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുൻപാകെ ഹാജരാക്കിയിരുന്നു. കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചാൽ ഈ വാക്സിൻ സ്വീകരിച്ചവർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ തടസ്സങ്ങളുണ്ടാകില്ല. നിലവിൽ ചില രാജ്യങ്ങൾ മാത്രമാണ് കൊവാക്സിൻ സ്വീകരിച്ചവരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ മാസം അവസാനം അംഗീകാരം ലഭിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു.
Comments