ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,40,174 ഡോസുകൾ കൂടി വിതരണം ചെയ്തതോടെ രാജ്യത്ത് ഇതുവരെ നൽകിയ കൊറോണ പ്രതിരോധ കുത്തിവെയ്പ്പുകളുടെ എണ്ണം 108.21 കോടി കവിഞ്ഞു. ഞായറാഴ്ച രാവിലെ എഴ് മണി വരെയുള്ള കണക്കാണിത്.
അതേസമയം വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 116.58 കോടിയാണെന്ന് കേന്ദ്രം അറിയിച്ചു. ഇതുപ്രകാരം വിവിധ സംസ്ഥാനങ്ങളുടെ പക്കലായി 15.77 കോടി വാക്സിൻ ഡോസുകൾ ശേഷിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ പ്രായപൂർത്തിയായ മുഴുവനാളുകൾക്കും വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
രാജ്യവ്യാപക വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഏവർക്കും സൗജന്യമായാണ് സർക്കാർ ആശുപത്രികൾ വഴി വാക്സിൻ വിതരണം ചെയ്യുന്നത്. നിലവിൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള 78 ശതമാനത്തിലധകം ആളുകളും വാക്സിൻ സ്വീകരിച്ചവരാണ്. കൊറോണ നിരക്കിൽ വന്ന ഗണ്യമായ കുറവും വ്യാപക വാക്സിനേഷന്റെ ഫലമാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് 11,000ത്തിൽ താഴെ രോഗികൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന രോഗികൾ ഒരു ലക്ഷത്തോളം വന്നിരുന്ന സാഹചര്യത്തിൽ നിന്നാണ് രാജ്യത്തെ ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടലിലൂടെ വൈറസ് വ്യാപനം വലിയ തോതിൽ കുറയ്ക്കാനായത്. ഒന്നരലക്ഷത്തിൽ താഴെ സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്.
Comments