കെട്ടിലും മട്ടിലും ഇവൻ ആരേയും ആകർഷിക്കും. ആരും കൊതിയ്‌ക്കും ഈ സുന്ദരനെ സ്വന്തമാക്കാൻ. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും മനോഹരമായ ഹൈപ്പർ കാറിനെ കുറിച്ചാണ്. ബുഗാട്ടിയുടെ ബൊലൈഡിനെ കുറിച്ച്. കെട്ടിലും മട്ടിലും ഇവൻ ആളൊരു വീരൻ തന്നെ.
ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറെന്ന സ്ഥാനം കൈയടക്കിയിരിക്കുകയാണ് ഫ്രഞ്ച് ഹൈ-പെർഫോമൻസ് ആഡംബര വാഹന നിർമാതാക്കളായ ബുഗാട്ടിയുടെ ബൊലൈഡ്. ബുഗാട്ടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ആഡംബര വാഹനം പുറത്തിറങ്ങുന്നത്. പരിതമായ സംഖ്യകളിൽ പുറത്തിറക്കിയ ഈ വാഹനം 2020 ലാണ് ആദ്യമായി വാഹന പ്രേമികൾക്ക് മുന്നിലെത്തിയത്. പാരിസിൽ നടന്ന മുപ്പത്തിയാറാമത് രാജ്യാന്തര ഓട്ടമൊബൈൽ ഫെസ്റ്റിവലിലിന്റെ തിരഞ്ഞെടുപ്പിലാണ് ബൊലൈഡ് ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറെന്ന പട്ടം സ്വന്തമാക്കിയത്.
വളരെ വ്യത്യസ്തമായി നിർമ്മിച്ച ഈ സുന്ദര വാഹനത്തിന് ഡബ്ല്യു 16 ക്വാഡ് ടർബോചാർജ്ഡ് എൻജിനാണ് മികച്ച പ്രകടനക്ഷമത സമ്മാനിക്കുന്നത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാർ എന്ന നിലയിലാണു ബുഗാട്ടി എൻജീനീയർമാരും ഡിസൈനർമാരും ബൊലൈഡ് അവതരിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും അത്യാധുനിക ഫോർമുല 1 കാറുകളെ അനുസ്മരിപ്പിക്കുന്ന അനേകം എയർ ഡക്ടുകളും അതിലോലമായ ഫ്രണ്ട് എൻഡ് ഡിസൈനും ഈ ഹൈപ്പർ സ്പോർട്സ് കാറിന് നൽകിയിട്ടുണ്ട്.
കാറിന്റെ രൂപകൽപനയിലും പ്രവർത്തന ക്ഷമതയിലും ഒരുവിട്ടുവീഴ്ചയ്‌ക്കും നിർമ്മാതാക്കളായ ബുഗാട്ടി തയ്യാറായിട്ടില്ല. ജനപ്രിയ മോഡലായ ഷിറോണിന്റെ പ്ലാറ്റ്‌ഫോം കടമെടുത്താണ് ബൊലൈഡും എത്തുന്നത്. വാഹനത്തിന്റെ ഭാരവും അതിന്റെ കരുത്തുമായുള്ള അനുപാതം കൃത്യമായി പാലിച്ച് നിർമ്മിച്ചിരിക്കുന്ന ഹൈപർ കാറാണിത്.
ഡബ്ല്യു 16 ക്വാഡ്-ടർബോചാർജ്ഡ് എഞ്ചിനാണ് ബൊലൈഡിന്റെ ഹൃദയം. മൂന്നുവർഷംകൊണ്ട് ഈ വാഹനത്തിന്റെ 40 യൂണിറ്റുകൾ മാത്രം നിർമിച്ചു വിൽക്കാനാണു കമ്പനിയുടെ പദ്ധതി. ട്രാക്കുകൾക്കുവേണ്ടി മാത്രമാണ് വാഹനം നിർമിച്ചിരിക്കുന്നത്. 40ലക്ഷം യൂറോ അഥവാ എകദേശം 34.60 കോടി രൂപയാണ് വാഹനത്തിന്റെ വില. ആദ്യ ഡെലിവറി 2024 ൽ നടക്കും എന്നാണ് കണക്കുകൂട്ടുന്നത്. ലോകത്തിലെ പല വമ്പൻമാരും കാത്തിരിക്കുകയാണ് നിരത്തുകളിൽ ഈ സുന്ദരനെയും കൊണ്ട് ചീറി പായാൻ.














