ന്യൂഡൽഹി: ഭാരതീയ ജനതാപാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനം ദീർഘകാലം വഹിച്ച നേതാവിന്റെ വീട്ടിൽ മുൻ ദേശീയ അദ്ധ്യക്ഷന്മാരുടെ അപൂർവ്വ കൂടിക്കാഴ്ച. ഇന്ന് 94-ാം പിറന്നാൾ ആഘോഷിക്കുന്ന അദ്വാനിയെ നേരിട്ട് വീട്ടിലെത്തിയാണ് ആശംസകൾ നേർന്നത്. ഏല്ലാവരും ചേർന്ന് തങ്ങളുടെ രാഷ്ട്രീയ ആചാര്യനെ പിറന്നാൾ ദിനത്തിൽ കൈപിടിച്ചാണ് വീട്ടിലെ അങ്കണത്തിലേക്ക് കൂട്ടികൊണ്ടുപോയത്. തുടർന്ന് ഏവരും സുദീർഘമായ കുശലാന്വേഷണങ്ങളും ചർച്ചകളും നടത്തി പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്.
പുഷ്പങ്ങളും സമ്മാനങ്ങളുമായി ഉപരാഷ്ട്രപതിയും മുൻ ബി.ജെ.പി അദ്ധ്യക്ഷനുമായിരുന്ന വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്, അമിത് ഷാ, നിലവിലെ അദ്ധ്യക്ഷനായ ജെ.പി നദ്ദ എന്നിവർക്കൊപ്പം നരേന്ദ്രമോദിയും എത്തിയതോടെ കേന്ദ്രനേതാക്കളുടെ അപൂർവ്വമായ ഒത്തുചേരലിനാണ് പിറന്നാൾ ദിനത്തിലെ പ്രഭാതത്തിൽ അദ്വാനിയുടെ വീട് സാക്ഷിയായത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പൂമുഖപ്പടി യിലെത്തി അദ്വാനി സ്വീകരിക്കുമ്പോൾ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
Comments