ഉദയ്പൂർ: അപൂർവ്വമായ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തി.രാജസ്ഥാനിലെ ആരവല്ലി മലനിരകളിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. മലനിരകളിലെ രണക്പൂർ വന മേഖലയിലാണ് പുള്ളിപ്പുലിയെ കണ്ടെതെന്നാണ് റിപ്പോർട്ട്. അഞ്ചോ ആറോ വയസ് പ്രായം ഉള്ളതാണ് പുള്ളിപ്പുലിയെന്നാണ് റിപ്പോർട്ട്.
രണക്പൂരിലെയും കുംഭൽഗഡിലേയും പ്രദേശവാസികൾ മുൻപും പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ ആരും ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. വീണ്ടും മലനിരകളിൽ പിങ്ക് പുള്ളിപ്പുലിയെ ശ്രദ്ധയിൽ പെട്ടെന്ന് ഗ്രാമവാസികൾ വിവരം നൽകി. തുടർന്ന് നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ഫോട്ടോഗ്രാഫറും വന്യജീവി സംരക്ഷണ പ്രവർത്തകനുമായ ഹിതേഷ് മോട്വാനിയുടെ ക്യാമറയിൽ അപൂർവ്വ പുള്ളിപ്പുലി പതിഞ്ഞത്.
2012 ലും 2019 ലും ദക്ഷിണാഫ്രിക്കയിലും പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടെത്തിയിരുന്നു.
ശരീരത്തിൽ ചുവന്ന പിഗ്മെന്റിന്റെ അമിത ഉൽപ്പാദനം, മെലാനിന്റെ കുറവ് എന്നീ കാരണങ്ങൾ കൊണ്ടാണ് പുള്ളിപ്പുലിയുടെ രോമങ്ങളടക്കം ചുവപ്പ് , സ്ട്രോബറി നിറത്തിൽ കാണപ്പെടുന്നതെന്നാണ് ശാസ്ത്ര ലോകം വ്യക്തമാക്കുന്നത്.















