തൃശൂർ: രാജ്യത്തെ അവഹേളിച്ച് കാർട്ടൂൺ വരച്ച ചിത്രകാരന് പുരസ്‌കാരം നൽകിയ കേരള ലളിതകലാ അക്കാദമി ചെയർമാനെതിരെ പ്രതിഷേധം ശക്തം. മഹിളാ മോർച്ചയുടെ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു. വിവാദ കാർട്ടൂർ പ്രതിഷേധക്കാർ കത്തിയ്‌ക്കുകയും ചെയർമാന്റെ കോലത്തിൽ ചെരുപ്പ് കൊണ്ട് അടിയ്‌ക്കുകയും ചെയ്തു.
രാജ്യത്തെ മൊത്തമായി അപമാനിക്കുന്ന തരത്തിലുള്ള കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ പല കോണിൽ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ യുവമോർച്ച പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കാർട്ടൂണിസ്റ്റായ അനൂപ് രാധാകൃഷ്ണൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, അക്കാഡമി സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി. രാജ്യത്തെ അപമാനിക്കാൻ കരുതിക്കൂട്ടിയാണ് ഇത് ചെയ്തത് എന്ന് പരാതിയിൽ ആരോപിക്കുന്നു.
‘കൊവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന ശീർഷകത്തിൽ അനൂപ് രാധാകൃഷ്ണൻ തയ്യാറാക്കിയ വിവാദ കാർട്ടൂണിനാണ് ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയത്. ഇംഗ്ലണ്ട്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ ഇന്ത്യയ്‌ക്ക് കാവി പുതച്ചിരിക്കുന്ന പശുവിന്റെ രൂപമാണ് നൽകിയിരിക്കുന്നത്.
2019-20 ലെ സംസ്ഥാന പുരസ്‌ക്കാരങ്ങളിൽ ഓണറബിൾ മെൻഷൻ പുരസ്‌കാരത്തിനാണ് എറണാകുളം സ്വദേശിയായ അനൂപിനെ തെരഞ്ഞെടുത്തത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം കൈവരിച്ച നേട്ടത്തെപ്പോലും അപകീർത്തിപ്പെടുത്തുന്നതാണ് അനൂപിന്റെ സൃഷ്ടിയെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
Comments