കൊച്ചി: മലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ക്രൈം ത്രില്ലറായ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗത്തിന് തുടക്കം. കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തേയും വലിയ ഹിറ്റുകളായിരുന്നു സിബിഐ ഡയറിക്കുറിപ്പും പിന്നാലെ വന്ന മൂന്ന് ചിത്രങ്ങളും. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും വെള്ളിത്തിരയിലെത്തുന്നതിനെ പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി-കെ.മധു-എസ് എൻ സ്വാമി ടീം തന്നെയാണ് സിബിഐ അഞ്ചാം സീരിസിലും ഒരുമിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ രഞ്ജി പണിക്കർ, സായ്കുമാർ, രമേശ് പിഷാരടി, ആശാ ശരത്ത് എന്നിവരും അഞ്ചാം ഭാഗത്തിലുണ്ടാകും.
ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം വരുന്നതും, അതിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും വരുന്നതും മലയാള സിനിമയിൽ ഇതാദ്യമാണ്. സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമ്മാണം. 1988ലാണ് സീരിസിലെ ആദ്യ ചിത്രമായി സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. നാല് സിനിമകളും വലിയ വിജയമാണ് നേടിയത്. 13 വർഷങ്ങൾക്കിപ്പുറം അതേ വിജയം അഞ്ചാം സിനിമയിലും ഉറപ്പിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
Comments