തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരം നഗരത്തിലെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വീസ് ഉദ്ഘാടനം ചെയ്തു.
പത്തു രൂപ മുതൽ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കും. 50 രൂപയുടെ ടിക്കറ്റ് എടുക്കുന്നവർക്ക് 24 മണിക്കൂർ വിവിധ സിറ്റി സർക്കുലർ ബസ്സുകളിൽ യാത്ര ചെയ്യാം. ഗുഡ് ഡേ ടിക്കറ്റ് എന്നാണ് ഇതിന്റെ പേര്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ട്രാവൽ കാർഡുകളും സർവീസിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക നിറങ്ങളോട് കൂടിയാണ് സിറ്റി സർക്കുലർ ബസ് സർവീസ്. 7 റൂട്ടുകളിൽ ആണ് ഇപ്പോൾ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ പത്ത്-പതിനഞ്ച് മിനിറ്റ് ഇടവിട്ട് ഓരോ റൂട്ടിലും ബസ്സുകൾ എത്തും.
നഗരത്തിലെ എല്ലാ കോണുകളിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തിരക്കേറിയ സമയങ്ങളിൽ 10-15 മിനിറ്റ് ഇടവേളകളിൽ ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന രീതിയിലാണ് സർക്കുലർ ബസ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ പ്രമുഖ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് നഗരത്തിൽ ഉള്ളവർക്കും പുറത്തുനിന്നും വരുന്നവർക്കും തിരിച്ചറിയത്തക്ക രീതിയിൽ പ്രത്യേക നിറവും നമ്പറും നൽകിയാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
Comments