തിരുവനന്തപുരം: വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ പേര് വിവരങ്ങളടക്കം പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇവരുടെ വിവരം പൊതുസമൂഹം അറിയട്ടെയെന്ന് മന്ത്രി.വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒമിക്രോൺ രാജ്യത്ത് ഭീതി പടർത്തിയ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ ജില്ല തിരിച്ചുള്ള കണക്ക് ലഭിച്ചിട്ടുണ്ടെന്നും അത് ഇന്ന് ഉച്ചയോടെ പുറത്ത് വിടുമെന്നും മന്ത്രി വ്യക്തമാക്കി.ഏത് ജില്ലയിൽ, എത്ര പേർ വാക്സിനേഷൻ എടുക്കാത്തതായി ഉണ്ടെന്ന് ഇതിലൂടെ വ്യക്തമാകുമെന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സാധ്യമായ എല്ലാ നടപടികളും എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.വാക്സിൻ എടുക്കാൻ സാധിക്കാത്തവർ ഒരാഴ്ച കൂടുമ്പോൾ ടെസ്റ്റ് നടത്തി അതിന്റെ റിസൾട്ട് ബന്ധപ്പെട്ട അധികാരികളെ കാണിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.
വാക്സിൻ സ്വീകരിക്കാതെ ഇരിക്കുന്നത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് പ്രധാനമെന്നും മന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു.മഹാഭൂരിപക്ഷവും സഹകരിക്കുമ്പോൾ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി 47 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച വരുത്താനാകില്ലെന്നും മന്ത്രി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.സംസ്ഥാനത്ത് ഇതുവരെ അയ്യായിരത്തോളം അദ്ധ്യാപകർ വാക്സിനെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
Comments