തിരുവനന്തപുരം: സുകുമാരക്കുറുപ്പ് അടക്കം 29 പിടികിട്ടാപുള്ളികൾക്കെതിരെ നോട്ടീസ് ഇറക്കി ഇന്റർപോൾ. രാജ്യാന്തര തലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 63 കേസുകളിലാണ് സുകുമാരക്കുറുപ്പും ഉൾപ്പെടുന്നത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് ഇന്റർപോൾ നോട്ടീസ് ഇറക്കിയത്. സുകുമാരക്കുറുപ്പ് അടക്കം 29 പേർ ഇന്റർപോളിന്റെ റെഡ് നോട്ടീസിലും 180 പേർ ബ്ലൂ നോട്ടീസിലുമാണുള്ളത്.
ചാക്കോ വധക്കേസ് പ്രതിയായ സുകുമാരക്കുറുപ്പ് 37 വർഷമായി ഒളിവിലാണ്. കേരള പോലീസ് എത്ര ശ്രമിച്ചിട്ടും സുകുമാരക്കുറുപ്പ് ജീവിച്ചിരുപ്പുണ്ടെന്നോ മരിച്ചെന്നോ കണ്ടെത്താനായിട്ടില്ല. കുറുപ്പിനെ കണ്ടെന്ന് പറഞ്ഞ് ഇപ്പോഴും അജ്ഞാതർ വിളിക്കുന്ന സാഹചര്യത്തിലാണ് റെഡ് നോട്ടീസ് ഇറക്കാൻ ഇന്റർപോളിന്റെ സഹായം തേടിയത്.
1984ലാണ് ചാക്കോ കൊലപ്പെടുന്നത്. അതിന് മുൻപ് കുറുപ്പ് എടുത്ത പാസ്പോർട്ട് നമ്പറാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും തുറമുഖത്തോ വിമാനത്താവളത്തിലോ സുകുമാരക്കുറുപ്പ് എത്തിയാലുടൻ തന്നെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമെന്നതാണ് റെഡ് നോട്ടീസിന്റെ പ്രയോജനം.
Comments