റെസ്റ്റോറന്റുകളും ഹോട്ടലുകളും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. നല്ല ആമ്പിയൻസ് കിട്ടുന്ന ഒരു റെസ്റ്റോറന്റിൽ പ്രിയപ്പെട്ടവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ചിലയിടങ്ങളിൽ മ്യൂസിക് ബാൻഡുകളുടെ പ്രകടനവും കൂടിയാകുമ്പോൾ നമ്മുടെ ലഞ്ചും ഡിന്നറുമൊക്കെ കൂടുതൽ ആസ്വാദ്യകരമാകാറുണ്ട്. ഇത്തരത്തിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വയറും മനസും നിറയ്‌ക്കുന്ന റെസ്‌റ്റോറന്റുകളിൽ അത്ര കണ്ടുപരിചയമില്ലാത്ത ചില റെസ്‌റ്റോറന്റുകളെ നമുക്ക് പരിചയപ്പെടാം.. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും കണ്ടുവരുന്ന ഈ പ്രത്യേക തരം റെസ്റ്റോറന്റുകളിൽ ശവക്കല്ലറകൾ കൂടിയുണ്ടെന്നതാണ് പ്രത്യേകത… അതായത് സെമിത്തേരിയെ നാല് ചുമരുകൾക്കുള്ളിലാക്കി അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥ. തീർത്തും വ്യത്യസ്തമായ ഈ റെസ്റ്റോറന്റുകൾ എവിടെയാണെന്ന് നോക്കാം..
അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്റ് ആണ് ഇക്കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജിച്ചിട്ടുള്ളത്. അഹമ്മദാബാദിൽ ഏറ്റവുമധികം ആളുകളെത്തുന്ന സ്ഥലം കൂടിയാണിത്. ശവക്കല്ലറകൾക്കിടയിൽ മേശകളും കസേരകളും ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ന്യൂ ലക്കി റെസ്റ്റോറന്റിന്റെ പ്രത്യേകത. മറ്റൊരു ട്വിസ്റ്റ് എന്താണെന്നാൽ ഇതിന്റെ ഉടമയൊരു മലയാളിയാണ്. കൃഷ്ണൻകുട്ടി എന്ന ഇദ്ദേഹം റെസ്റ്റോറന്റ് തുടങ്ങാനായി സ്ഥലം വാങ്ങിയതിന് ശേഷമാണ് ഇവിടം ഒരു ശ്മശാനമേഖലയാണെന്ന് തിരിച്ചറിയുന്നത്. വാങ്ങിപോയ സ്ഥിതിക്ക് പിന്നെ ഒന്നും നോക്കിയില്ല. മൊത്തത്തിൽ ഒരു വെറൈറ്റി റെസ്റ്റോറന്റ് ആകട്ടെയെന്ന് കരുതി, ശവക്കല്ലറകൾക്ക് പ്രത്യേക സ്ഥാനം നൽകി ക്രമീകരിച്ചു.
ശവക്കുഴികൾക്ക് ചുറ്റുമായി സ്റ്റീൽ ബാറുകൾ സ്ഥാപിച്ചു. ദിവസേന ഇവിടെ വൃത്തിയാക്കി പുതിയ പൂക്കൾ വെച്ചു. ആരുടെ കല്ലറകളാണെന്ന് നിശ്ചയമില്ലെങ്കിലും കൃഷ്ണൻകുട്ടി ഇത് വർഷങ്ങളായി തുടരുകയാണ്. ശവക്കല്ലറയ്‌ക്ക് സമീപം ഇരുന്ന് ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ എത്തുന്നവരും മടിക്കാറില്ല. കാരണം ഇത് സംബന്ധിച്ച് ഒരു വിശ്വാസം ഇവിടുത്തെ ജനങ്ങൾക്കിടിയിൽ നിലനിൽക്കുന്നുണ്ട്. പണ്ടുകാലത്തെ സൂഫി സന്യാസിയുടെ അനുയായികളാണ് ഈ കല്ലറകളിലെന്നും ഇവർക്കിടയിൽ ഇരുന്ന ഭക്ഷണം കഴിക്കുന്നത് ജീവിതത്തിൽ ഭാഗ്യം കൊണ്ടു വരുമെന്നുമാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം.
ഇനി ഇന്ത്യയക്ക് പുറത്തേക്ക് കടന്നാൽ ഇതേനടപടി സ്വീകരിച്ചിരിക്കുന്ന മറ്റ് റെസ്റ്റോറന്റുകൾ നമുക്ക് കാണാം. അതിലൊന്നാണ് ഇംഗ്ലണ്ടിലെ മഗ് ഹൗസ് പബ്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ശവക്കല്ലറകളാണ് ഇവിടെ സ്ഥിതിചെയ്യുന്നതെന്ന് കരുതുന്നു. ഇംഗ്ലണ്ടിലെ ക്ലെയിൻസ് എന്ന പുരാതന ഗ്രാമത്തിലാണിതുള്ളത്. ഇവിടെയൊരു പള്ളിയുണ്ട്. ക്ലെയിൻസ് പള്ളി.. ഇതിന്റെ പിൻഭാഗത്ത് ശ്മശാനഭൂമിക്ക് സമീപമാണ് റെസ്റ്റോറന്റിന്റെ സ്ഥാനം. വിശുദ്ധമായ ഇടങ്ങളിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റുകളായാണ് ഇതിനെ ആളുകൾ കണക്കാക്കുന്നത്.
ഇനി ജർമനിയിലേക്ക് പോയാൽ അവിടെയുമുണ്ട് ഒരു കോഫീ ഹൗസ്. നിരവധി പ്രശസ്തരായ ആളുകളുടെ ശവകുടീരങ്ങൾ ഉള്ള കഫേ സ്‌ട്രോസ് എന്ന കോഫീഷോപ്പ് ആണിത്. ജർമനിയുടെ തലസ്ഥാനമായ ബർലിനിലാണ് ഇതുള്ളത്. 2013ൽ ആർക്കിടെക്ടായ മാർട്ടിൻ സ്‌ട്രോസും ഭാര്യയും ചേർന്ന് സ്ഥാപിച്ച ഈ കോഫീഷോപ്പ് ബർലിനിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനത്തിന് അരികിലാണ് ഉള്ളത്. ഇവിടെയെത്തുന്ന ആളുകൾ ശവകുടീരത്തിൽ പോകുന്നതിന് ഉചിതമായ വസ്ത്രങ്ങൾ ധരിച്ചാണ് എത്തുക. കോഫീഷോപ്പിൽ അധികം ബഹളമൊന്നും ഉണ്ടാക്കാതെ വളരെ ബഹുമാനത്തോടെ ആളുകൾ വന്നുപോകും. തിരക്കൊഴിയാത്ത ഈ കഫേയിലെ കേക്കും കോഫിയും വളരെ ജനപ്രിയമാണ്.
മറ്റൊന്നാണ് കൊളറഡോയിലെ ഡെൻവറിലുള്ള ലിംഗർ ഈറ്ററി. ഒരു കാലത്തെ ഒലിംഗർ മോർച്ചറീസാണ് പിന്നീട് ലിംഗർ ഈറ്ററി ആയി മാറിയത്. ഡെൻവറിലെ ശവസംസ്‌കാരങ്ങളുടെ പകുതിയും നടത്തിയിരുന്ന ഒലിംഗർ കുടുംബത്തിന്റെ മോർച്ചറിയായിരുന്നു ഇത്. പിന്നീട് കാലങ്ങൾ കടന്നുപോയി പുതിയ ഉടമകളെത്തിയപ്പോൾ അവരത് ലിംഗർ ഈറ്ററി എന്ന റെസ്റ്റോറന്റ് ആക്കി മാറ്റി. എങ്കിലും ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പഴമയും പാരമ്പര്യവും നിലനിർത്തിയായിരുന്നു ഇവിടെ മാറ്റങ്ങൾ വരുത്തിയത്. ഇന്ന് ഡെൻവറിലെ ഏറ്റവും തിരക്കേറിയ ഒരു റെസ്റ്റോറന്റാണ് ലിംഗർ ഈറ്ററി.
ഇത്തരത്തിൽ ശവകുടീരങ്ങളാൽ പ്രസിദ്ധിയാർജിച്ച ഭക്ഷണശാലകൾ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. കേൾക്കുന്നവർക്ക് അൽപം ബുദ്ധിമുട്ടൊക്കെ തോന്നുമെങ്കിലും അവിടെ സ്ഥിരമായി പോകാനാഗ്രഹിക്കുന്ന നൂറുക്കണക്കിന് ആളുകൾ ഉണ്ടെന്നതാണ് യാഥാർത്ഥ്യം.
Comments