ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ അനുയായി ആയിരുന്ന വി.കെ ശശികല നടൻ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. സൂപ്പർതാരത്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. നിർണായകമെന്ന് കരുതിയ ശശികലയുടെ സന്ദർശനം തമിഴ്‌നാട് രാഷ്‌ട്രീയത്തിലും ഏറെ ചർച്ചയായി.
ചെന്നൈയിലെ സ്‌റ്റൈൽ മന്നന്റെ വസതിയിൽ രജനികാന്തിനോടൊപ്പം ഭാര്യ ലത രജനീകാന്തും ചേർന്നാണ് ശശികലയെ സ്വീകരിച്ചത്. താരത്തിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അഭിനന്ദനമറിയിക്കാനാണ് ശശികല എത്തിയതെന്ന് ശശികല മാദ്ധ്യമങ്ങളെ അറിയിച്ചു. വസതിയിലെത്തി നടനെ കണ്ട ശശികല അദ്ദേഹത്തിന്റെ ആരോഗ്യ വിവരങ്ങളും തിരക്കി.
കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യപ്രശ്‌നങ്ങളെ തുർന്ന് രജനീകാന്ത് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ നീണ്ടനാളത്തെ ആശുപത്രി വാസത്തിന് ശേഷം താരം വീട്ടിൽ വിശ്രമ വേളയിലാണ്. ഇതിനിടെയാണ് വി.കെ ശശികലയുടെ സന്ദർശനം.
എഐഎഡിഎംകെയിൽ നടന്നിരുന്ന ആഭ്യന്തര രാഷ്‌ട്രീയ പ്രതിസന്ധിയുടെയും തർക്കത്തിന്റെയും ഭാഗമായി കഴിഞ്ഞ ജനുവരിയിൽ ശശികലയെ പാർട്ടിയിൽ നിന്ന് പുറത്തിറക്കിയിരുന്നു. സ്വത്ത് സമ്പാദനക്കേസിൽ തട്ടിപ്പ് നടത്തിയതിന് ബെംഗളൂരുവിലെ ജയിലിൽ നിന്നും നാല് വർഷത്തെ തടവ് അുഭവിച്ച ശേഷമാണ് ശശികല പുറത്തിറങ്ങിയിരുന്നത്. എഐഎഡിഎംകെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും 2017ൽ തന്നെ ശശികലയെ മാറ്റിയിരുന്നു.















