തിരുവനന്തപുരം : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിപിൻ റാവത്തിന്റെ മരണമുണ്ടാക്കിയത് നികത്താനാവാത്ത നഷ്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിപിൻ റാവത്തിന്റെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു കുമ്മനം രാജശേഖരൻ അനുശോചനം അറിയിച്ചത്.
സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിന്റെ അകാല മരണം മൂലം രാഷ്ട്രത്തിന് ഉണ്ടായിട്ടുള്ളത് നികത്താനാവാത്ത നഷ്ടം. ധീരോദാത്തമായ സൈനിക നീക്കങ്ങൾക്ക് എന്നെന്നും കരുത്തുറ്റ നേതൃത്വം നൽകി രാഷ്ട്രത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ച ഉജ്ജ്വല നായകന് ആദരാഞ്ജലികൾ!
ജനഹൃദയങ്ങളിൽ അനശ്വര ഓർമ്മയും പ്രചോദനവുമായി ജ്വലിക്കട്ടെ !
റാവത്തിനൊപ്പം അപകടത്തിൽ തൃശ്ശൂർ പൊന്നൂകര സ്വദേശി എ പ്രദീപും മരണമടഞ്ഞു. ആ ദീപ്ത സ്മരണ ജനമനസിൽ ശാശ്വതമായി അവശേഷിക്കും.- കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.
തമിഴ്നാടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് അന്തരിച്ചത്. അദ്ദേഹത്തിന് പുറമേ ഭാര്യ മധുലിക റാവത്തും, 11 സേനാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ ഒരാൾ മലയാളിയാണ്.
Comments