പട്ന: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ലോക്‌സഭയിലെ പ്രസ്താവനയോടെ രാജ്യം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ ബീഹാറിലെ കർമതിയ ഗ്രാമം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണശേഖരം ഇവിടെ ഉണ്ടെന്ന പ്രസ്താവനയാണ് കർമതിയെ ശ്രദ്ധേയമാക്കിയത്. ബീഹാറിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ജമുയി ജില്ലയിലെ സോനോ ബ്ലോക്കിന് കീഴിലാണ് കർമതിയ ഗ്രാമം.
ജാമുയി ജില്ലയിൽ മാത്രം 37.6 ടൺ ധാതു സമ്പുഷ്ടമായ അയിര് ഉൾപ്പെടെ 222.885 ദശലക്ഷം ടൺ സ്വർണ ലോഹം ലഭ്യമാണെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. ബിജെപി ബിഹാർ സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ എംപി ഉന്നയിച്ച ചോദ്യത്തിനായിരുന്ന മന്ത്രിയുടെ മറുപടി. രാജ്യത്തിന് 501.83 ടൺ പ്രാഥമിക സ്വർണ്ണ അയിര് ശേഖരമുണ്ട്. ഇതിൽ 654.74 ടൺ സ്വർണമാണ്. ഇതിൽ 44 ശതമാനവും സ്വർണവും ബിഹാറിൽ മാത്രമാണ് കണ്ടെത്തിയത്.
പാർലമെന്റിലെ കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തെതുടർന്ന് സോനോ സർക്കിൾ ഓഫീസർ രാജേഷ് കുമാറിനോട് റിപ്പോർട്ട് തേടിയതായി ജാമുയി ജില്ലാ മജിസ്ട്രേറ്റ് അവ്നീഷ് കുമാർ സിംഗ് പറഞ്ഞു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സംഘം ഝാർഖണ്ഡ് അതിർത്തിക്കടുത്തുള്ള ജില്ലയിലെ കർമതിയ സ്വർണഖനിയിൽ നേരത്തെ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയാണ് സിഒയുടെ റിപ്പോർട്ട്. 2015ൽ സർവേ നടത്തുന്നതിനായി ജിഎസ്‌ഐ അവസാനമായി പ്രദേശം സന്ദർശിച്ചിരുന്നു.
സംഘം മാസങ്ങളോളം സോനോ ബ്ലോക്ക് ആസ്ഥാനത്ത് താമസിച്ചശേഷം കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സ്വർണ്ണപ്പാടത്ത് ഖനനം ആരംഭിച്ചാൽ മുഴുവൻ നക്‌സൽ ബാധിത മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിയിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അവ്നീഷ് കുമാർ സിംഗ് പറഞ്ഞു. ആയിരം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ചുർഹൈത് പഞ്ചായത്തിന് കീഴിലുള്ള കർമതിയ ഗ്രാമത്തിൽ സ്വർണ്ണ ശേഖരത്തിന് ശക്തമായ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















