മുംബൈ: ബോളിവുഡ് താരം കരീന കപൂറിനും അടുത്ത സുഹൃത്ത് അമൃത അറോറയ്‌ക്കും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരുടെയും വസതികൾ സീൽ ചെയ്ത് അധികൃതർ. ഇരുവരും കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് വിവിധ പൊതുപരിപാടികളിൽ പങ്കെടുത്തതായാണ് വിവരം. കരീനയും അമൃതയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള എല്ലാവരും ആർടി-പിസിആർ പരിശോധനയക്ക് തയ്യാറാകണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടു.
കരീനയുടെയും അമൃതയുടെയും വസതിക്ക് സമീപത്തെ കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലും സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി ആർടി-പിസിആർ പരിശോധന നടത്തുന്നുണ്ട്.
നിലവിൽ ഇരുവരും വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗലക്ഷണമില്ലെന്നും കരീന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച ഉടനെ എല്ലാ മെഡിക്കൽ പ്രോട്ടോകോളുകളും പാലിച്ച് താൻ സ്വയം നിരീക്ഷണത്തിൽ തുടർന്നുവെന്നാണ് കരീനയുടെ പ്രതികരണം. കഴിഞ്ഞ ഏതാനും ദിവസങ്ങൾ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന എല്ലാവരും ദയവായി പരിശോധന നടത്താൻ തയ്യാറാകണമെന്നും താനും കുടുംബവും വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ചിട്ടുള്ളവരാണെന്നും കരീന അറിയിച്ചു.
കരീനയും അമൃതയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഒട്ടുമിക്ക പാർട്ടികളിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. കരീനയുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 15 പേരുടെ സാമ്പളുകൾ പരിശോധനയക്ക് അയച്ചിരിക്കുകയാണ്. അത്താഴവിരുന്നിൽ പങ്കെടുത്തതിന് പിന്നാലെയാണ് കരീനയ്‌ക്ക് രോഗം ബാധിച്ചത്. അവിടെയെത്തിയവരിൽ നിന്ന് രോഗം പിടിപെട്ടതാകാമെന്നാണ് നിഗമനം. കൊറോണയുടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച വ്യക്തി അവിടെയുണ്ടായിരുന്നുവെന്നും കരീന പറഞ്ഞു.















