മലപ്പുറം: അപകടത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് പോലീസുകാർക്കെതിരെ നടപടി. കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഗ്രേഡ് എസ്ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം.വെട്ടിച്ചിറക്ക് അടുത്ത് കർണാടക സ്വദേശിയുടെ ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. മിനി ലോറിയിടിച്ച് ആയിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ മരിച്ച കർണാടക ജാക്കിലി സ്വദേശി വിൻസെന്റ് എന്നയാളുടെ TN 30 S 9870 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ബൈക്ക് ആണ് ആണ് പോലീസുകാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്. ഈ ബൈക്ക് മരിച്ച ആളുടെ വേണ്ടപ്പെട്ടവർക്ക് തന്നെ വിട്ട് കൊടുത്തു എന്ന വ്യാജരേഖ നിർമ്മിച്ചാണ് ഇവർ ബൈക്ക് ഉപയോഗിച്ചിരുന്നത്.
വിവരങ്ങൾ അറിഞ്ഞ മലപ്പുറം എസ് പി സുജിത്ത് ദാസ് താനൂർ ഡിവൈഎസ്പി ക്ക് നൽകിയ നിർദേശപ്രകാരം ആണ് പിന്നീട് അന്വേഷണം നടന്നത്. ഇതിനെ തുടർന്നാണ് ഗ്രേഡ് എസ്ഐമാരായ സന്തോഷിനെയും പോളിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആകും ഇനി വകുപ്പു തല അന്വേഷണം നടത്തുകയെന്നാണ് റിപ്പോർട്ട്.
Comments