ലണ്ടൻ: ലോകത്തിലെ പ്രമുഖ ഫാഷൻ കമ്പനിയായ ഷനേലിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജ ലീന നായർ. ആംഗ്ലോ-ഡച്ച് ഉപഭോക്തൃ ഭീമന്മാരായ യൂണീലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ സ്ഥാനത്തു നിന്നും വിരമിച്ച ശേഷമാണ് ലീന ഷനേലിന്റെ ചീഫ് എക്സിക്യൂട്ടീവായത്. റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ആഡംബര ഗ്രൂപ്പായ ഷനേലിന്റെ ലണ്ടനിലെ സ്ഥാപനത്തിലായിരിക്കും ലീന നിയമിതയാവുന്നത്.
1992ലാണ് ലീന യൂണീലിവറിന്റെ ജീവനക്കാരിയായത്. പിന്നീട് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കീഴടക്കിയ ലീന, ചുരുങ്ങിയ കാലം കൊണ്ടാണ് യൂണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ എന്ന സ്ഥാനമലങ്കരിച്ചത്. ഈ പദവയിലെത്തുന്ന ആദ്യ വനിതയും, ആദ്യ ഏഷ്യക്കാരിയുമാണ് ലീന. ഇന്ത്യയിലെ മികച്ച് ബിസിനസ് സ്കൂളുകളിൽ ഒന്നായ സേവ്യർ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ഗോൾഡ് മെഡലോടെയാണ് ലീന തന്റെ പഠനം പൂർത്തിയാക്കിയത്.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഹാർപേഴ്സ് ബസാർ പ്രൊഫൈൽ അനുസരിച്ച്, ലീനയുടെ നേതൃത്വത്തിനു കീഴിൽ യൂണിലിവർ ആഗോളതലത്തിൽ ലിംഗ സമത്വം കൈവരിച്ചു. ഇത് വിതരണ ശൃംഖലയിലുടനീളം ജീവിത വേതനം തുല്യമായി നൽകാനുള്ള ലീനയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു എന്നാണ് ഹാർപേഴ്സ് ബസാർ പ്രൊഫൈൽ അഭിപ്രായപ്പെട്ടത്. ഇതിനു മുൻപ് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡിപ്പാർട്ട്മെന്റിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ലീന സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1910ൽ ഫാഷൻ ഇതിഹാസം ഗബ്രിയേൽ ‘കൊക്കോ’ ആണ് ഷനേൽ സ്ഥാപിച്ചത്. പാരീസിൽ ഒരു ‘ഹാറ്റ് ബോട്ടിക്’ ആയി പ്രവർത്തനമാരംഭിച്ച ഷനേൽ ഇന്ന്, ഫ്രഞ്ച് ഫാഷൻ ലോകത്തിന്റെ പര്യായമായി മാറി.
Comments