കൊച്ചി : കളമശ്ശേരിയിൽ എൻസിസി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി സർക്കാർ പോളിടെക്നിക്കിൽ നടക്കുന്ന എൻസിസി ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അത്താഴം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ ആരംഭിച്ചത്. ചപ്പാത്തിയും മുട്ടക്കറിയുമാണ് രാത്രി വിദ്യാർത്ഥികൾക്ക് നൽകിയത്. ഇത് വീട്ടിലേക്ക് കൊടുത്തുവിടുകയായിരുന്നു.
ഭക്ഷണം വൈകി കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് സൂചന. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സദ്യ നൽകിയിരുന്നു. ഇതിൽ നിന്നാണോ വിഷബാധയേറ്റതെന്നും സംശയമുണ്ട്. വിഷബാധയേറ്റത് എങ്ങിനെയെന്ന് വ്യക്തമാകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സാമ്പിളുകൾ ശേഖരിച്ചു. 300 ൽ അധികം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വിദ്യാർത്ഥികൾ ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
Comments