തിരുവനന്തപുരം : ബിഎ തോറ്റവരെ എംഎ പഠനം തുടരാൻ സംസ്‌കൃത സർവ്വകലാശാല അനുവദിക്കുന്നതായി പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ ആണ് സർവ്വകലാശാലയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ബിഎ തോറ്റ പലരും സർവ്വകലാശാലയിലും മേഖലാ കേന്ദ്രങ്ങളിലും എംഎ പഠനം തുടരുന്നുണ്ടെന്നാണ് ആക്ഷേപം.
ബിഎ ഫലം പ്രതീക്ഷിച്ചിരുന്നവർക്ക് സർവ്വകലാശാല എംഎയ്‌ക്ക് താത്കാലിക പ്രവേശനം നൽകിയിരുന്നു. എന്നാൽ ഇതിൽ പലരും തോറ്റു. ഇവരെയാണ് സർവ്വകലാശാല എംഎയ്‌ക്ക് തുടരാൻ അനുവദിച്ചത്. സെപ്തംബർ മുതലാണ് സർവ്വകലാശാല എംഎ ക്ലാസുകൾ ആരംഭിച്ചത്.
തോറ്റവരെ പഠനം തുടരാൻ അനുവദിക്കുന്നതിനെതിരെ ആക്ഷേപം ഉയർന്നതോടെ ചട്ടം മറികടന്ന് പ്രത്യേക പുന: പരീക്ഷ നടത്താൻ സർവ്വകലാശാല നീക്കം നടത്തുന്നുണ്ട്. വിദ്യാർത്ഥികൾ കുറഞ്ഞാൽ കരാർ അദ്ധ്യാപകർക്ക് ജോലി നഷ്ടമാകും. ഇത് ഒഴിവാക്കാനാണ് തോറ്റവരെ പഠനം തുടരാൻ അനുവദിച്ചത് എന്നാണ് വിവരം.
Comments