കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചു. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വാശിയേറിയ മത്സരമായിരുന്നു നടന്നത്.
അമ്മ തിരഞ്ഞെടുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേതാമേനോനും വിജയിച്ചു. ആശാ ശരത്ത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാനലിന് പുറത്ത് നിന്ന് മത്സരിച്ച മണിയൻപിള്ള രാജു, ലാൽ, വിജയ് ബാബു എന്നിവർ അട്ടിമറി വിജയമാണ് നേടിയത്.
നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടത്. പുതിയ കമ്മിറ്റിയിൽ ആകെ അഞ്ച് വനിതകളുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽ ആദ്യമായാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അമ്മ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.















