ബെംഗളൂരു നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെയു ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ്(27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകൻ സോനു സോണി(27) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നഗരത്തിലെ ഇലക്ട്രോണിക്സിറ്റി മേൽപ്പാലത്തിന് സമീപത്തെ സർവ്വീസ് റോഡിൽ വെച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മലയാളി യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ച ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബെംഗളൂരുവിൽ സിസിടിവി ബിസിനസ് നടത്തിവരികയായിരുന്നു ജിതിൻ. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സോനു. ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേയ്ക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. സോനു അപകട സ്ഥലത്തു വച്ചും ജിതിൻ ആശുപത്രിയിൽ വെച്ചും മരണത്തിന് കീഴടങ്ങി.
Comments