കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചവർ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് പ്രസിഡന്റ് മോഹൻലാൽ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇൻറേണൽ കമ്മിറ്റി രൂപീകരിക്കുമെന്നും ഡബ്ള്യൂസിസി ഉന്നയിച്ച ആവശ്യങ്ങൾ കൂടി ഉൾക്കൊണ്ടാണ് അമ്മയുടെ നയപരമായ തിരുത്തലെന്നും സംഘടന അറിയിച്ചു. നയപരമായ മാറ്റങ്ങൾക്കൊപ്പം പതിനൊന്നംഗ പുതിയ എക്്സിക്യൂട്ടീവ് കമ്മിറ്റിയെയും അമ്മയുടെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തിട്ടുണ്ട്.
സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകിയാണ് അമ്മ നിയമാവലി പുതുക്കിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതിനുള്ള ഇന്റേണൽ കമ്മിറ്റി രൂപീകരിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടുന്നതടക്കമുള്ള കാര്യങ്ങളിൽ പരിഗണിച്ചാണ് വാർഷിക ജനറൽ ബോഡിയിൽ അമ്മ നിയമാവലി പുതുക്കിയത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് പുറത്ത് നിന്ന് ഒരാൾകൂടി ഉൾപ്പെടുന്ന അഞ്ചംഗ ഇന്റേണൽ കമ്മിറ്റി നിലവിൽ വരും. ലഹരിക്കേസുകളിൽ പെടുന്ന ‘അമ്മ’ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നും സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടന്നത്. ശ്വേതാമേനോനെയും മണിയൻപിള്ള രാജുവിനെയും വൈസ് പ്രസിഡൻറുമാരായി തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പിലും വാശിയേറിയ മത്സരമാണ് നടന്നത്. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണൻ കുട്ടി, സുരഭി, സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് വിജയിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ















