കൊച്ചി ; ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൊച്ചിയിൽ കസ്റ്റംസ് റെയ്ഡ്. ഡിജെ പാർട്ടി നടത്തിയ സംഘാടകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന മാരക സിന്തറ്റിക് ഉത്പന്നങ്ങളും ചരസ്സും കണ്ടെടുത്തിട്ടുണ്ട്.
ഇസ്രായേലി ഡിജെ ആയ സജാങ്കയെ കൊണ്ടുവന്ന സംഘാടകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. സജാങ്കയുടെ ഡിജെ പാർട്ടി നേരത്തെ കസ്റ്റംസും എക്സൈസും ചേർന്ന് തടഞ്ഞിരുന്നു. ഇയാളെ കേരളത്തിലേക്ക് കൊണ്ടുവന്നവരുടെ വീടുകളിലാണ് അന്വേഷണം നടക്കുന്നത്. സ്പെയിനിൽ നിന്ന് മാരക ലഹരി സിന്തറ്റിക് ഉത്പന്നം സംഘം എത്തിച്ചതായി കണ്ടെത്തി. വീടുകളിൽ നിന്നും ചരസ്സും കണ്ടെടുത്തിട്ടുണ്ട്.
എംഡിഎംഎയും എൽഎസ്ഡിയുമടക്കം പാഴ്സലായി ഇറക്കുമതി ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി. ഡിജെ പാർട്ടി സംഘാടകരായ രണ്ട് പേർ ഒളിവിൽ പോയിരിക്കുകയാണ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിനൊപ്പം ബംഗളൂരുവിൽ നിന്നുള്ള കസ്റ്റംസ് സംഘവും റെയ്ഡിനെത്തിയിട്ടുണ്ട്.
Comments