ലോസ് ഏഞ്ചലസ്: മഹാമാരിയെ വരെ തൊൽപ്പിച്ച് ബോക്സ് ഓഫീസിൽ കുത്തിച്ചുയരുകയാണ് ‘സ്പൈഡർമാൻ നോ വേ ഹോം’. ആഗോള ബോക്സ് ഓഫീസിൽ ഒരു ബില്യൺ ഡോളറിലധികം നേടുന്ന മഹാമാരിക്കാലത്തെ ആദ്യ സിനിമയാണ് സ്പൈഡർമാൻ നോ വേ ഹോം. 2019ൽ സ്റ്റാർ വാർസ്: ദി റൈസ് ഓഫ് സ്കൈവാക്കറിന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ചിത്രം കൂടിയാണിത്.
ടോം ഹോളണ്ടിന്റെ ഈ ചിത്രം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വടക്കൻ അമേരിക്കയിലും യൂറോപ്പിലും റിലീസ് ചെയ്തിട്ടില്ല. എന്നിട്ടും ഒരു ബില്യൺ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. സ്പൈഡർമാൻ: ഹോം കമിംഗ്, സ്പൈഡർമാൻ: ഫാർ ഫ്രം ഹോം എന്നീ ചിത്രങ്ങൾ ഒരുക്കിയ ജോൺ വാട്ട്സ് തന്നെയാണ് ഇരുപത്തിയേഴാമത് മാർവൽ ചിത്രമായ നോ വേ ഹോമിന്റെയും സംവിധായകൻ.
ചൈനയിലെ ‘ദി ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ’ (902 മില്യൺ ഡോളർ), 25-ാമത്തെ ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’ (774 മില്യൺ ഡോളർ) എന്നിവയാണ് ഈ വർഷത്തെ ഏറ്റവും മികച്ച വരുമാനം നേടിയ മറ്റ് ചിത്രങ്ങൾ.
ഡിസംബർ 16നായിരുന്നു സിനിമയുടെ റിലീസ്. ആദ്യ ദിനം തന്ന 32.67 കോടി നേടിയ ചിത്രം 19-ാം തിയതി പിന്നിട്ടതോടെ 138.55 കോടി കടന്നു. ആഗോളതലത്തിൽ ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ ചിത്രം നേടിയത് 587 ദശലക്ഷം യുഎസ് ഡോളറാണ്. കൊറോണയ്ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷനെ അട്ടിമറിക്കുന്ന നേട്ടമാണിത്.
Comments