ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങി പലരും വഞ്ചിക്കപ്പെട്ട വാർത്തകൾ നാം നിരവധി തവണ കണ്ടിട്ടുണ്ട്. ഫോൺ കല്ലായതും, വസ്ത്രം കടലാസ് കഷ്ണം ആയതും, ലാപ്ടോപ് സോപ്പ് ആയതും അങ്ങനെ നിരവധി വാർത്തകളാണ് നാം കേട്ടിരിക്കുന്നത്. ഇത്തരത്തിൽ ഓൺലൈനിലൂടെ ഐഫോൺ ഓർഡർ ചെയ്ത് ലഭിച്ച സാധനം കണ്ട് കിളി പോയിരിക്കുകയാണ് ഒരു യുവാവ്. ഐഫോണിനായി അടച്ച പണം ഏത് വഴിക്കാണ് പോയതെന്ന് പോലും അറിയാതെ പകച്ചു പോയിരിക്കുകയാണ് ഡാനിയൽ കരോൾ എന്ന വ്യക്തി.
ഒരു ലക്ഷത്തിലധികം വിലവരുന്ന ഐഫോൺ 13 പ്രോ മാക്സ് ആണ് ഡാനിയൽ ഓർഡർ ചെയ്തത്. ക്രിസ്മസ് ദിനത്തിൽ ഫോൺ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ഇയാൾ. ഫോൺ ഓർഡർ ചെയ്ത അന്നുമുതൽ ഇയാൾ നിത്യവും അതിന്റെ ഡെലിവറി സ്റ്റാറ്റസ് മുടങ്ങാതെ നോക്കുമായിരുന്നു. അങ്ങനെ കുറച്ച് ദിവസത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ക്രിസ്മസ് ദിനത്തിൽ ഡാനിയലിന് തന്റെ മോഹ ഫോൺ ലഭിച്ചു. പാഴ്സൽ കൈപറ്റിയ ഇയാൾ അത് പെട്ടിച്ചതും ഞെട്ടി പോയി.
ടോയിലറ്റ് പേപ്പർകൊണ്ട് പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്കലേറ്റായിരുന്നു ഡാനിയലിന് ലഭിച്ചത്. ഇത് സ്വപ്നമാണോ സത്യമാണോ എന്ന് മനസിലാക്കാനായി പല തവണ കണ്ണുകൾ തിരുമിയും മുഖം കഴുകി നോക്കുകയും ചെയ്തു. പക്ഷേ സംഗതി സത്യമായിരുന്നു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന യാഥാർത്ഥ്യം ഇയാൾക്ക് മനസിലായത്.
സംഭവത്തിൽ ദുരൂഹത തോന്നിയ ഡാനിയൽ ഫോൺ വന്ന കവർ ഒന്ന വിശദമായി പരിശോധിച്ചു. ആരോ ഫോൺ അടിച്ചുമാറ്റി തന്നെ പറ്റിച്ചിരിക്കുകയാണ് എന്നാണ് ഡാനിയലിന്റെ വാദം. ഇതിന് വ്യക്തമായ കാരണവും ഇയാൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണ ഓൺലൈനിൽ നിന്നും പാഴ്സൽ ലഭിക്കുമ്പോൾ നല്ല രീതിയിലുള്ള പാക്കിങ്ങാണ് ഉണ്ടാവാറുണ്ട്. എന്നാൽ തനിക്ക് ലഭിച്ച പാഴ്സൽ വൃത്തിയുള്ളതല്ലെന്നും അതിൽ ഓർഡർ ചെയ്ത സൈറ്റിന്റെ അടയാളങ്ങൾ ഇല്ലായിരുന്നുവെന്നും ഡാനിയൽ പറയുന്നു. തന്നെ കബളിപ്പിച്ചവരെ വെറുതെ വിടില്ലെന്നും ഇതിൽ താൻ സ്വന്തമായി അന്വേഷണം നടത്തുമെന്നും ഡാനിയൽ പറയുന്നു.
Comments