ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അവഹേളിച്ച് പരാമർശം നടത്തിയ ബിഎസ്പി എംഎൽഎ അസ്ലം ചൗധരിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ബിജെപി നേതാവ് ശിവകുമാറിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ലോക്ദൾ നേതാവ് ജയന്ത് ചൗധരിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് അസ്ലം അവഹേളിച്ച് സംസാരിച്ചത്. നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, അമിത് ഷാ എന്നിവർക്ക് അഖിലേഷ് യാദവ്, ജയന്ത് എന്നീ യുവനേതാക്കളെ ഭയമാണെന്നായിരുന്നു അസ്ലമിന്റെ പരാമർശം. ഉത്തർപ്രദേശിനെ ഇരുവരും ചേർന്ന് ജയിപ്പിക്കും. യുപിയിലെ കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ എന്നിവരെ അഖിലേഷ് യാദവും, ജയന്തും ചേർന്ന് രക്ഷിക്കുമെന്നും അസ്ലം പറഞ്ഞിരുന്നു.
പൊതുവേദിയിൽവെച്ച് പ്രധാന നേതാക്കളെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അസ്ലമിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 505 (2),പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Comments